കാനനപാതയിലൂടെ എത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിൽ വൻ വർദ്ധന ; കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണം

Pathanamthitta
Print Friendly, PDF & Email

സന്നിധാനം – സത്രം പുല്ലുമേട് കാനനപാതയിലൂടെ എത്തിയ അയ്യപ്പഭക്തന്മാരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർധന. ഈ വർഷം സത്രം-പുല്ലുമേട് കാനനപാത വഴി ഡിസംബർ 18 വരെയുള്ള കണക്ക് പ്രകാരം ആകെ 87128 പേരാണ് സന്നിധാനത്തെത്തിയത്. ശരാശരി മൂവായിരം പേരാണ് ദിനംപ്രതി ഈ പാത വഴി എത്തിയത്. 2024 ൽ ഇതേ സമയത്ത് (ഡിസംബർ 18 വരെ) 48982 ഭക്തരാണ് ഈ പാതയിലൂടെയെത്തിയത്. 2023 ൽ 40725 ഭക്തരും 2022 ൽ 22886 ഭക്തരും ശബരിമലയിലെത്തി. ഈ വർഷം ഡിസംബർ 13 നാണ് സത്രം പാത വഴി ഏറ്റവുമധികം ഭക്തരെത്തിയത്. 5597 പേർ.

അഴുതക്കടവ്-പമ്പ പാതയിൽ ഈ വർഷം 49666 ഭക്തർ ശബരിമലയിലെത്തി. 2024 ൽ ഇത് 42268 ആയിരുന്നു. 2023 ൽ 52437 ഭക്തരും 2022 ൽ 49417 ഭക്തരും സന്നിധാനത്തെത്തി. നവംബർ 16 മുതൽ ഡിസംബർ 18 വരെയുള്ള കണക്ക് പ്രകാരമാണിത്.

കാനനപാത വഴിയെത്തുന്നവരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ഡിസംബർ 19 മുതൽ സ്‌പോട്ട് ബുക്കിംഗ് വഴി ദിവസേന ഈ പാത വഴി കടത്തി വിടുന്നവരുടെ എണ്ണം ആയിരമായി ചുരുക്കിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. കാനനപാത തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ശാരീരിക ക്ഷമത വിലയിരുത്തിയ ശേഷമേ ദുർഘടമായ കാനന പാത തിരഞ്ഞെടുക്കാവൂ എന്ന് വനംവകുപ്പും മറ്റ് അധികൃതരും നിർദേശിച്ചിട്ടുണ്ട്.

പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർത്ഥാടകരാണ് പുല്ലുമേട് പാത തിരഞ്ഞെടുത്തത്. പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *