ഡോ. പാപ്പച്ചൻ്റെ പ്രിയ പത്നി ഡെയ്സി പാപ്പച്ചന് ആദരാഞ്ജലികൾ നേർന്നു കൊണ്ട്.. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ശ്രീമതി പിങ്കി ഗിരീഷ് എഴുതിയ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്..
ഇന്ന് കേട്ട മരണവാർത്തയാണ്.
ഡെയ്സി പാപ്പച്ചൻ
കാലം കുറച്ചു പിന്നോട്ടു പോയി.
ഒരുപാട് ഓർമ്മകൾ കടന്നു വന്നു.
ഡോ. പാപ്പച്ചനുമായുള്ള ബന്ധം മറക്കാനാവുന്നതല്ല. ഒരിക്കൽ അതൊരു അനുഭവക്കുറിപ്പായി പരിണമിച്ചത് ഓർത്തു.
അതിൽ അദ്ദേഹത്തിൻ്റെ പ്രീയ പത്നിയുമുണ്ടായിരുന്നു.
ഈ ലോകത്തോട് വിട പറഞ്ഞ ഡോ.പാപ്പച്ചൻ്റെ പ്രീയ പത്നി ഡെയ്സി പാപ്പച്ചന് ആദരാഞ്ജലികൾ നേർന്നു കൊണ്ട് ആ പഴയ എഴുത്ത് ഒന്നുകൂടി Post ചെയ്യുന്നു🙏🏻
രാത്രിപെയ്ത അതിശക്തമായ മഴയുടെ ബാക്കിയെന്നവണ്ണം അന്തരീക്ഷമാകെ തണുത്തുറഞ്ഞു നിന്നിരുന്ന ആ പ്രഭാതത്തിൽ പുതിയ ഡോക്ടറെ കാണുന്നതിലുള്ള ആശങ്കകൾ നിറഞ്ഞ മനസ്സുമായി ഞങ്ങൾ ആ വീടിന്റെ വരാന്തയിൽ കാത്തിരുന്നു…….
സൂര്യ നാളങ്ങൾ ഇനിയും മഞ്ഞിന്റെ നേർത്ത പാളിയിലേക്കു പതിഞ്ഞിട്ടില്ല. ഇരുളും നിശബ്ദതയും കൂടി അവിടെ സൃഷ്ടിച്ച മൂകതക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു….
ഡോ.പാപ്പച്ചൻ ലൈഫ് ലൈൻ ഹോസ്പിറ്റൽ ആരംഭിക്കുന്നതിനു മുൻപ് പത്തനംതിട്ട അദ്ദേഹത്തിന്റെ വീട്ടിൽ രോഗികളെ ചികിത്സിക്കുന്ന സമയം…
ഇപ്പോൾ അനുഭവിക്കുന്ന മാനസികവ്യഥക്ക് ഒരു പരിഹാരമുണ്ടാകുമെന്നോജീവിതത്തിലെ പരമപ്രധാനമെന്നു കരുതിയ ആഗ്രഹത്തിന്റെ പൂർത്തീകരണമോ അങ്ങനെ പ്രതീക്ഷയുടെ വിത്തുകൾ പാകുന്നു….
കുറച്ചു സമയത്തിനു ശേഷം പ്രസന്നവദനനായി ഞങ്ങളെ സ്വീകരിച്ച ആ മനുഷ്യൻ അന്നു മുതൽ ഇന്നുവരെ എനിക്കൊരത്ഭുതം തന്നെയാണ്…
ഞങ്ങളോട് സംസാരിക്കുമ്പോഴും ചികിത്സാരീതികൾ പറയുമ്പോഴും അവിടെ നിന്നും പകർന്നു തന്ന ശക്തി ഒരു വലിയ സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയായിരുന്നു…
ഒരു നഴ്സ് ചെയ്യേണ്ട ജോലികൾ ഉൾപ്പെടെ എല്ലാം ചെയ്യുന്ന ഒരു ഡോക്ടർ..
ആദ്യ കാഴ്ചയിൽ തന്നെ ആവാക്കുകൾ അതേപടി അനുസരിക്കുന്ന രീതിയിൽ എന്റെ മനസ്സുമാറിക്കഴിഞ്ഞിരുന്നു….
തുടർന്നുള്ള സന്ദർശനങ്ങളിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ അതുപോലെ ഞാൻ അനുസരിച്ചു…
ബോഡി വെയിറ്റ് കുറക്കണമെന്നു പറഞ്ഞപ്പോൾ ഒരു മാസം കൊണ്ട് 12 kg വരെ ഞാൻ കുറച്ചു. അതൊക്കെ അദ്ദേഹത്തിന്റെ സന്തോഷവും എന്നോടുള്ള വാത്സല്യവും കൂട്ടി..
ഒരു മാസത്തിനു ശേഷം പരിശോധക്കു ശേഷം പറഞ്ഞു.. അഭിനന്ദനങ്ങൾ… നിങ്ങൾ വിജയിച്ചിരിക്കുന്നു… തുടർന്നുള്ള പരിശോധനകളിൽ നിന്നും അറിഞ്ഞു… ഇരട്ടക്കുട്ടികളാണ്… വളരെ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്.കട്ടിലിൽ തന്നെ കിടക്കണം….
കട്ടിലിന്റെകാലുകൾ ഉയർത്തി തലകീഴായി കിടന്നത് ദിവസങ്ങൾ… മാസങ്ങൾ…
ഇടക്കിടെയുള്ള ചെക്കപ്പുകൾ..
അപ്പോഴൊക്കെയും ഒരു സാധാരണ ഡോക്ടറും രോഗിയും എന്നതിനേക്കാൾ സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ ശക്തമായ ഒരു ബന്ധം ഞങ്ങൾക്കിടയിലുണ്ടായി..അപ്രതീക്ഷിതമായി പെട്ടെന്നാണ് പറഞ്ഞിരുന്നതിനും ഒന്നര മാസത്തിനു മുൻപ് പെയിന് തുടങ്ങുന്നതും പേടിച്ചരണ്ട മനസ്സുമായി ഡോക്ടറുടെ അടുത്തേക്കെത്തിയതും..
” ഇത്രയും നേരത്തേ… ഇവിടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമില്ലല്ലോ…പേടിക്കേണ്ടതില്ല… നേരെ കോട്ടയം ഭാരത് ഹോസ്പിറ്റലി ലേക്കു പൊക്കോളൂ…” ഇതു പറയുമ്പോൾ തന്നെ തിരക്കിട്ടുമൊബൈലിൽ നിന്നും ആരുടെയൊക്കെയോ നമ്പർ തപ്പിയെടുത്തു വിളിക്കുന്നുണ്ടായിരുന്നു…
ഭയവും ആശങ്കയും തിങ്ങിനിറഞ്ഞ എന്റെ ചെവികളിൽ അതിൽ ചിലവാക്കുകൾ മാത്രം പതിഞ്ഞു… ഡോക്ടർ ഉടൻ എത്താൻ പറയണം… ‘തീയേറ്റർ റെഡിയാക്കൂ’… ‘ട്വിൻസ് ആണ’.. ‘NICU ഓക്കെയാണല്ലോ’… പിന്നെ കുറെ മെഡിക്കൽ ഭാഷകളും…
കോട്ടയത്തേക്കുള്ള യാത്രകളിൽ ഒരിക്കൽ പോലും ആ റോഡ് ഇത്രയും ദുർഘടമായി കിടക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അത്രക്കും ശോചനീയമായ അവസ്ഥയിലുള്ള റോഡിൽ കൂടിയുള്ള യാത്ര അസഹനീയമായിരുന്നു…
യാത്രയിൽ മുഴുവൻ നന്നായി ഫ്ലൂ യിഡ് പൊക്കോണ്ടേയിരുന്നു.. ഇടക്കിടെ ഡോക്ടറുടെ കോളുകൾ ഭർത്താവിന്റെ ഫോണിലേക്കെത്തുന്നുണ്ട്. ഓരോ കോളും അദ്ദേഹം എന്റെ ചെവിയിൽ വക്കും..മറുതലക്കൽ നിന്നും ഒരു ദൈവത്തിന്റേതെന്ന പോലെ ആശ്വാസവാക്കുകൾ…” മോളേ ഒന്നുമില്ല…. എല്ലാം ശരിയാകും… ഞാനല്ലേ പറയുന്നത്..”
രാത്രി 2 മണി വരെ ഈ ഫോൺ വിളികൾ തുടർന്നിരുന്നു…
ഭാരത് ഹോസ്പിറ്റൽ… പേരു പോലും നേരത്തേ കേട്ടിട്ടുണ്ടായിരുന്നില്ല…. തികച്ചും അപരിചിതമായിരുന്ന അവിടെ എത്തിയപ്പോൾത്തന്നെ ഞങ്ങൾക്കു വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും റെഡിയായിക്കഴിഞ്ഞിരുന്നു…
ലേബർ റൂമിലേക്കു എന്നെ കൊണ്ടു പോകുമ്പോൾ എന്റെ മനസ്സ് പതറിയിരുന്നില്ല.. ഒരാശുപത്രിയുടെ അന്തരീക്ഷത്തിനു പുറമെ അവിടെ മറ്റെന്തൊക്കെയോ ഉള്ളതുപോലെ…. എല്ലാ ചുവരുകളിലും ദൈവത്തിന്റെ ചിത്രങ്ങൾ.. കൂടുതലും കൃഷ്ണനും ഗുരുവായൂരപ്പനും… നോക്കുന്നിടത്തെല്ലാം കാണുന്നുണ്ട്…
മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരു ധൈര്യം എനിക്കുണ്ടായി. വേദന കൊണ്ടു പുളഞ്ഞുകിടന്ന എന്റെ അടുത്തേക്കു വന്നിരിക്കുന്നത് ആ ഹോസ്പിറ്റലിലെ ഏറ്റവും മിടുക്കിയായ ഗൈനക്കോളജിസ്റ്റ് ഡോ.ഷെറിൻ വർഗീസ്…
എന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.” കേസ് മുഴുവൻ ഡോ.പാപ്പച്ചൻ എന്നോടു പറഞ്ഞു.. നമ്മൾ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ… 40 ആഴ്ചയാണ് ഗർഭസ്ഥ ശിശുവിന്റെ വളർച്ചാ കാലഘട്ടം.. ഇവിടെ 32 ആഴ്ചയേ ആയിട്ടുള്ളൂ… അതും 2 പേരാണ്.. ഇപ്പോൾസി സേറിയനാണ് നമുക്കു മുന്നിലുള്ള വഴി… അതിനുള്ള എല്ലാ കാര്യങ്ങളും റെഡിയായിക്കഴിഞ്ഞു… അതിനു മുൻപ് ഒന്നു ഞാൻ പറയുകയാണ്.. മയക്കത്തിൽ നിന്നും ഉണരുമ്പോൾ ചിലപ്പോൾ നല്ല ഒരു വാർത്തയായിരിക്കില്ല കാത്തിരിക്കുന്നത്… കുട്ടീ… എന്തും സ്വീകരിക്കുവാൻ മനസ്സിനെ തയ്യാറാക്കൂ….നന്നായി പ്രാർത്ഥിക്കൂ…. എന്നിട്ട് എനിക്കു വാക്കു തരൂ മനസ്സ് ശക്തമായെന്ന്….”
എങ്ങനെയെന്നറിയില്ല അടുത്ത നിമിഷം തന്നെ ഞാൻ പറഞ്ഞു” മനസ്സിലാക്കുന്നുണ്ട് ഡോക്ടർ… എന്തും നേരിടാൻ എന്റെ മനസ്സു തയ്യാറാണ്…”
അപ്പോഴും വേദന കൊണ്ടു പുളഞ്ഞ എന്നെ അവർ ആശ്വസിപ്പിച്ചു.
ഉടൻ തന്നെ ഒരു നഴ്സ് ഡോക്ടറുടെ അടുത്തേക്കു വന്നിട്ടു പറഞ്ഞു” മാഡം, പത്തനംതിട്ടയിൽ നിന്നും ഡോ.പാപ്പച്ചൻ വിളിച്ചു… ഡോക്ടറോടു പറയാൻ പറഞ്ഞു… പിങ്കി എന്റെ പേഷ്യന്റ് മാത്രമല്ല വളരെ വേണ്ടപ്പെട്ട കുട്ടിയാണ്… കാര്യമായി നോക്കണേന്ന്”
എന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ഡോ.ഷെറിൻ സിസ്റ്ററോടു പറഞ്ഞു,” നമുക്കു കാര്യമായിത്തന്നെ നോക്കാം പോരേ” തീയേറ്ററിലേക്കുള്ള യാത്രയും ഒരുക്കങ്ങളും പെട്ടെന്നായിരുന്നു..
അബോധാവസ്ഥയിൽ കിട്ടിയ നേരിയ ബോധത്തിൽ ഞാൻ കേട്ടു… രണ്ട് ആൺകുഞ്ഞുങ്ങൾ….. രണ്ടു പേരും കരഞ്ഞിരുന്നു…..
തീവ്രപരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്കെത്തിയപ്പോൾ… കൂടെയുണ്ടായിരുന്ന എല്ലാവരുടേയും മുഖത്തെ നിസ്സംഗഭാവം എന്നെ തെല്ലൊന്ന് ഭയപ്പെടുത്തി…. ആരോടും ഒന്നും ചോദിക്കവാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല… പതിയെ മനസ്സിലാക്കുവാൻ കഴിഞ്ഞു കുഞ്ഞുങ്ങൾ NICU ൽ ആണ്….
അവിടെ നിന്നും ഇടക്കിടെ വിളികൾ വരുന്നുണ്ട്…… ഓരോ കാര്യങ്ങളും അറിയിക്കുന്നുണ്ട്…
അന്നു രാത്രിയിൽ വീൽ ചെയറിൽ എന്നെ കുഞ്ഞുങ്ങളെ കാണിക്കാൻ കൊണ്ടുപോയി..
രണ്ടു കുഞ്ഞു കണ്ണാടിക്കൂടുകൾ ക്കുള്ളിൽ തീക്കട്ടകൾ പോലെ രണ്ടു രൂപങ്ങൾ….
കുറെ ട്യൂബുകൾ നൂലുകൾ പോലെ പൊതിഞ്ഞിരിക്കുന്നു… ഏകദേശമനുഷ്യരൂപമെന്നേ പറയാൻ കഴിയൂ….
രണ്ടു കണ്ണാടിക്കൂടുകളിലേക്കും എന്റെ കണ്ണുകൾ മാറി മാറിപ്പായുന്നുണ്ട്… ഒന്നിലും കാഴ്ച ഉറക്കുന്നുണ്ടായിരുന്നില്ല… അടുത്തു നിന്ന ലേഡി ഡോക്ടർ എന്നോടു പറഞ്ഞു ……അമ്മ ഒന്നു തൊട്ടോളൂ….
ഞാൻ മെല്ലെ എന്റെ കൈകൾ കണ്ണാടിക്കൂട്ടിലേക്ക് നീട്ടി… ട്യൂബുകൾക്കിടയിലൂടെ ആ മൃദുലതയിൽ മെല്ലെ തൊട്ടു.. പെട്ടെന്നുണ്ടായ അവരുടെ പിടച്ചിൽ എന്നിൽ സന്തോഷവും സങ്കടവും ഒരുമിച്ചുണ്ടാക്കി….
പിന്നീട് ഓരോ ദിനവും ഡോക്ടർമാരും നഴ്സുമാരും സഹവാസികളും ഒക്കെ ആത്മവിശ്വാസവും സ്നേഹവും തന്നു..
ആദ്യ ദിനങ്ങളിൽ വിഷമകരമായ ചില വാർത്തകൾ NICU ൽ നിന്നും വരാറുണ്ടായിരുന്നു… അപ്പോഴൊക്കെയും മനസ്സു വല്ലാതെ തളരും… ഒരിക്കൽ സഹികെട്ട് ഞാൻ ഡോ.പാപ്പച്ചനെ വിളിച്ചു..” ഒന്നും ഉണ്ടാവില്ല മോളേ.. ഇതു ഞാനല്ലേ പറയുന്നത്… നീ ധൈര്യമായിരിക്കൂ…”
ദിവസങ്ങൾക്കു ശേഷം ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തി… ശാരീരികമായും മാനസീകമായും ഒരു പാട് യാതനകൾ സഹിക്കേണ്ടി വന്നു….
ആഴ്ചകൾ കടന്നു പോയി.. ഇപ്പോൾ നല്ല ആശ്വാസമുണ്ട്.. സാധാരണ ഗതിയിലുള്ള കുട്ടികളെപ്പോലെ അവർ ആയിരിക്കുന്നു…
അപ്പോഴും ഒരു കാര്യം ബാക്കി നില്ക്കുന്നു.. എന്റെ പ്രീയപ്പെട്ട ഡോക്ടർ ഇതുവരെ കുഞ്ഞുങ്ങളെ കണ്ടിട്ടില്ല.. കുഞ്ഞുങ്ങളെ ഡോക്ടറെ കാണിക്കണം…
എന്നത്തേയും പോലെ അന്നും തിരക്കേറിയ ദിവസം… രോഗികളുടെ നിര വീടിന്റെ വരാന്തയും കടന്ന് റോഡിലേക്കു നീളുന്നു..
തിങ്ങി നിന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും അമ്മയും കൂടി രണ്ടു കൈകളിലും കുഞ്ഞുങ്ങളുമായി മുറിയുടെ വാതിൽക്കൽ എത്തി.. മണിക്കൂറുകൾ കാത്തു നിൽക്കുന്ന രോഗികൾക്ക് ഒരു ബുദ്ധിമുട്ടാകും എന്ന വിഷമം ഉണ്ടായിരുന്നെങ്കിലും ഞാൻ ഫോണിൽ ഡോക്ടറെ വിളിച്ചു… ‘അകത്തേക്കു വരൂ മോളേ’… എന്നു പറഞ്ഞു ഞങ്ങൾ വാതിൽ തുറന്ന് അകത്തു കടന്നതും എന്റെ കൈകളിലേക്കോ കുഞ്ഞുങ്ങളിലേക്കോ അല്ല അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്….
എന്നെ ചേർത്തു പിടിച്ചു… എന്റെ നെറുകയിൽ തന്ന സ്നേഹചുംബനത്തിൽ ഒരച്ഛന്റെ വാത്സല്യമുണ്ടായിരുന്നു.. ഒരു ഡോക്ടറുടെ സാഫല്യമുണ്ടായിരുന്നു…
അതിനു ശേഷം 3 – 4 മാസങ്ങൾക്കു ശേഷമാണ് ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം.. വിശിഷ്ട വ്യക്തികൾ അണിനിരന്ന ഉദ്ഘാടന സ്ഥലത്തേക്ക് കുഞ്ഞുങ്ങളുമായി ഞങ്ങൾ എത്താൻ ഇത്തിരി വൈകി… എന്നാൽ ആ തിരക്കിൽ ഞങ്ങളെ കണ്ടതും വേദിയിൽ നിന്നും ചാടിയിറങ്ങി വന്ന് എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.. ആൾക്കൂട്ടത്തിനു മുന്നിലൂടെ വേദിയിലേക്കു കയറുന്നതു കാണുമ്പോൾ ഇത്രയധികം സ്നേഹവും കരുതലും ഒരു ഡോക്ടർക്കു നൽകുവാൻ കഴിയുമോ എന്ന് ആർക്കും തോന്നിപ്പോകും….
ഇന്ന് കേരളത്തിലെതന്നെ ഏറ്റവും വലിയ വന്ധ്യതാ നിവാരണ ചികിത്സ ലഭിക്കുന്ന ആശുപത്രിയായി ലൈഫ് ലൈൻ മാറിയിട്ടും അതിന്റെയെല്ലാം ചുക്കാൻ പിടിക്കുന്ന ഡോക്ടർക്കു മാത്രം ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഏറ്റവും വലിയ മഹത്ത്വം…
ആ അടുപ്പത്തിന് ഒരു കുറവും വന്നിട്ടില്ല… ഡോക്ടറെ പ്പറ്റി ഇത്രയുമെഴുതുമ്പോൾ അതിനോടൊപ്പം തന്നെ ചിത്രത്തിൽ വരേണ്ട ഒരാളു കൂടിയുണ്ട്… എല്ലാത്തിനും കൂടെയുള്ള അദ്ദേഹത്തിന്റെ ഭാര്യ….
വീട്ടിലെ വെളുപ്പാൻ കാലങ്ങളിലെ സന്ദർശനങ്ങളിൽ ആദ്യമെത്തുന്ന ഞങ്ങൾക്ക് വാതിൽ തുറന്നു തരാറുള്ള, ഓരോ ചെക്കപ്പിലും എന്നോട് ഒരമ്മയുടേതെന്ന പോലെ വിശേഷങ്ങൾ തിരക്കുന്ന, ഭീതിയോടെ കോട്ടയത്തേക്കുപോയ ആ രാത്രിയിൽ എന്റെ വസ്ത്രങ്ങൾ ശരിയായി ധരിപ്പിച്ച് ധൈര്യം തന്ന് യാത്രയാക്കിയ ഡോക്ടറുടെ നിഴലായിട്ടുള്ള ഭാര്യ….
ഇന്നും ഒരു നിധിയായി ഈ സ്മരണകൾ എന്റെ മനസ്സിൽ തിളങ്ങുന്നുണ്ട്… Op യും തീയേറ്ററും രോഗികളും എല്ലാം കഴിയുന്നത് മിക്ക ദിവസങ്ങളിലും രാത്രി വളരെ വൈകിയായിരിക്കും…
എങ്കിലും ഏത് പാതിരാത്രിയിലും ഒരാവശ്യത്തിന് ഫോണിൽ വിളിച്ചാൽ” എന്താ മോളേ” എന്ന ചോദ്യം മറുതലക്കൽ നിന്നുമുണ്ടാവുന്ന രീതിയിലാണ് ആ ബന്ധം തുടരുന്നത്…..
ഇതേ പോലെ ഒരു പാട് അമ്മമാർക്ക പറയാനുണ്ടാവും ഈ സ്നേഹത്തിന്റെയും പരിചരണത്തിന്റേയും കഥകൾ…. എല്ലാവർക്കും വേണ്ടി പറയട്ടെ… ഡോക്ടർ,,, ദൈവത്തിന്റെ കൈയ്യൊപ്പുള്ള നിങ്ങൾ എന്നും ഒരുത്ഭുതം തന്നെയാണ് ……
പിങ്കി ശ്രീധർ



