മാതൃകാപരമായ പ്രവൃത്തികൾ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങൾ : ജില്ലാ കളക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാതൃകാപരമായ പ്രവൃത്തികൾ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങളാണെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. വിദ്യാകിരണം പദ്ധതി അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ഹരിതവിദ്യാലയങ്ങൾ എന്ന ആശയം മുൻനിർത്തി തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേർന്ന് എസ്പിസി , എൻഎസ്എസ്, എൻസിസി ഗ്രൂപ്പുകളുടെ സഹായത്തോടെ വിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവൃത്തികൾ സ്വീകരിക്കണം. വിദ്യാർത്ഥികളിലെ ശീലവത്ക്കരണം പ്രധാനപ്പെട്ടതാണ്.

ബ്രഹ്‌മപുരം മാലിന്യപ്രശ്നം ഒരു മുന്നറിയിപ്പാണ്. മാലിന്യ നിർമാർജ്ജനത്തിനായി ജനകീയ ക്യാമ്പയിനുകൾ സംഘടിപ്പിക്കണം. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിന് പ്രാധാന്യം നൽകണം. സമഗ്രഗുണമേന്മാപദ്ധതിയുടെ കൃത്യമായ അവലോകനം എഇഒമാർ നടത്തണം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എഇഒമാരുടെ ഇടപെടലുകളുണ്ടാകണം. വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നത് തടയണം. അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകണമെന്നും വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.

വിദ്യാഭ്യാസ ഉപഡയറക്ടർ രാജു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ഇൻകൽ, കില പ്രോജക്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *