സന്നിധാനം – ആരോഗ്യ വകുപ്പിന്റെ അലോപ്പതി , ആയുർവേദ ,ഹോമിയോ വിഭാഗങ്ങൾ എല്ലാ സൗകര്യങ്ങളുമായാണ് ഇത്തവണ ശബരിമലയിലെത്തിയിട്ടുള്ളത്. ഭക്തർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ പമ്പ മുതൽ തന്നെ ലഭ്യമാണ്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ ,ഫർമണോളജിസ്റ്റ്, ഫിസിഷൻ, ഓർത്തോ, അനസ്‌തേഷ്യ, സർജൻ തുടങ്ങിയവരുടെ സേവനങ്ങൾ അലോപ്പതി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഹൃദയാഘാതത്തിനുള്ള അടിയന്തര ചികിത്സ, പാമ്പ് വിഷബാധ – പേവിഷ ബാധ തുടങ്ങിയവക്കുള്ള ചികിത്സയും ഉണ്ട്. കൂടാതെ ഒ പി സേവനം , ഐസിയു, വെന്റിലേറ്റർ, മൈനർ സർജറിക്കുളള സംവിധാനം തുടങ്ങി സൗകര്യങ്ങളും 24 മണിക്കൂറും ഉറപ്പാക്കുന്നു. അഡ്വാൻസഡ് ലൈഫ് സപ്പോർട്ടിൽ വിദഗ്ദ പരിശീലനം ലഭിച്ച നഴ്‌സുമാരുടെ സേവനവും നടപ്പന്തലിന് സമീപത്തെ ആശുപത്രിയിൽ ലഭ്യമാണ്. പമ്പയിൽ നിന്ന് സന്നിധാനത്തിലേക്കുള്ള പാതയിൽ പതിനാറ് എമർജൻസി മെഡിക്കൽ സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. പത്ത് ഡോക്ടർമാർ ,7 നഴ്സിംഗ് ഓഫീസർമാർ , 6 ഫർമിസിസ്റ്റുകൾ ,2 ലാബ് ടെക്‌നീഷ്യന്മാർ , 2 എക്സ് റേ ടെക്‌നീഷ്യന്മാർ, 7 നഴ്സിംഗ് അസിസ്റ്റേറ്റുമാർ , 6 അറ്റന്റർമാർ , 1 ഹെൽത്ത് ഇൻസ്‌പെക്ടർ , 2 ജൂനിയർ ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന സംഘമാണ് ഭക്തർക്ക് സേവനം ഒരുക്കുന്നതിനായി ആശുപത്രിയിലുള്ളത്.

അത്യാഹിത ഘട്ടങ്ങളില പമ്പ ആശുപത്രിയിലേക്കും അവിടെ നിന്നും പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും എത്തിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ . സന്തു സുധാകരൻ പറഞ്ഞു. ആംബുലൻസും തയ്യാർ. അടിയന്തര സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് പൊലീസും വളന്റിയർമാരും സദാ സജ്ജം.
കരുത്തായി ആയുഷ് ആയുർവേദ
മലകയറി വരുമ്പോൾ ഭക്തർ നേരിടുന്ന നേരിടുന്ന പേശിവലിവിന് ഒന്നാന്തരം തെറാപ്പിയുമായാണ് നടപ്പന്തലിന്റെ തുടക്കത്തിൽ ആയുവേദ ആശുപതി കാത്തിരിക്കുന്നത്. അസ്ഥിസംബന്ധ പ്രശ്നങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ , അലർജി, വേദന തുടങ്ങിയവയ്ക്ക് ഇവിടെ ചികിത്സാലഭിക്കും. 24 മണിക്കൂറും പ്രവർത്തനസജ്ജമായ മർമ്മ , ത്വക് രോഗ, ജനറൽ വിഭാഗങ്ങൾ ഭക്തർക്ക് ആശ്വസം നൽകുന്നു. അഞ്ച് ഡോക്ടർമാരും ഒൻപത് പാരാമെഡിക്കൽ സ്റ്റാഫുമാണ് ഇവിടെയുള്ളത് . പ്രതിരോധ ശേഷി വര്ധിപ്പിക്കാനുള്ള മരുന്നുകൾ സൗജന്യമായി ലഭ്യമാണ് . ശബരിമലയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ.വി രാജീവൻ പറയുന്നത്. സന്നിധാനത്ത് മാത്രമല്ല പമ്പയിലും ഇതേ സൗകര്യങ്ങൾ ഭക്തർക്ക് സൗജന്യനിരക്കിൽ ലഭ്യമാണ്.

ആശ്വാസമേകാൻ ഹോമിയോ
മലകയറുമ്പോൾ ഭക്തരുടെ ആരോഗ്യം ഉറപ്പാക്കാൻ ഹോമിയോപ്പതിയും ഒപ്പമുണ്ട്. നടപ്പന്തലിന്റെ തുടക്കത്തിൽ തന്നെയാണ് ഹോമിയോ ആശുപത്രി. പനി, ചുമ, ജലദോഷം, കാല് വേദന, ഉദര സംബന്ധ പ്രശ്നങ്ങൾ, അലർജി തുടങ്ങി ദർശനപാതയിൽ നേരിടുന്ന അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരമേകാൻ 24 മണിക്കൂർ പ്രവർത്തനം. പകർച്ചവ്യാധികൾക്കുള്ള മരുന്നുകളും തയ്യാർ. ആവി പിടിക്കുന്നതിനുള്ള സംവിധാനങ്ങളും ഫാർമസി സേവനങ്ങളും തയ്യാർ. 2 ഡോക്ടർമാർ , 5 പാരാമെഡിക്കൽ ജീവനക്കാർ എന്ന രീതിയിൽ പമ്പയിലും സന്നിധാനത്തും അക്ഷീണം ഇവർ പയത്നിക്കുന്നു. പകർച്ചവ്യാധികളടക്കമുള്ള അടിയന്തര ഘട്ടങ്ങളെ നേരിടാൻ ഹോമിയോ വിഭാഗം പൂർണ്ണസജ്ജമാണെന്ന് ഡോ .കെ എം ജോസഫ് പറഞ്ഞു.



