പത്തനംതിട്ട – സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ 2.2 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 2000 കോടി രൂപയോളം ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കോർപ്പറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ് പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഓഫീസ് വരുന്നതോടെ മലയോരമേഖലയിൽ നിന്നുൾപ്പടെ ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുള്ളവർക്ക് എത്തിചേരാൻ സൗകര്യമാകും. ഗുണഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാനാകും. ജില്ലയിലെ ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ സർക്കാരിനായെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസഭ ടൗൺഹാളിന് സമീപമുള്ള മഞ്ചയിൽ ബിൽഡിംഗിലാണ് കോർപറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ്. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ കെ ഷാജു അധ്യക്ഷനായി. വാർഡ് കൗൺസിലർ സി കെ അർജുനൻ, കോർപറേഷൻ ഇ ആൻഡ് ആർ മാനേജർ റ്റി വി ഷാജി, ജില്ലാ പട്ടികജാതി വികസന ഓഫീസർ എം അജികുമാർ, കോർപറേഷൻ ജില്ലാ മാനേജർ വി അനിൽകുമാർ, കുടുംബശ്രീ എഡിഎംസി കെ ബിന്ദുരേഖ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



