ആശംസകളുമായി ഗോവ ഗവർണറും കേരള മുഖ്യമന്ത്രിയും

Kerala Pathanamthitta

@ സന്തോഷ് സദാശിവമഠം

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ 75 – ാം ജന്മവാർഷികാഘോഷം സഭയുടെയും നിരണം-മാരാമൺ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടന്നു. രാവിലെ 7.30 ന് നടന്ന വിശുദ്ധ കുർബ്ബാന ശുശ്രൂഷയ്ക്ക് മെത്രാപ്പോലിത്താ നേതൃത്വം നൽകി. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ, ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ്, ഡോ. എെസക് മാർ ഫിലക്സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സി. എസ്. എെ ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ സഹ നേതൃത്വം നൽകി.

തുടർന്ന് നടന്ന ആശംസാ സമ്മേളനം ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിതനായ ആചാര്യശ്രേഷ്ഠനാണ് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ എന്ന് ഗോവ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു. ഭയരഹിതമായി സമൂഹിക ഇടപെടലുകൾ നടത്തിയ ചരിത്രമുള്ള സഭയാണ് മാർത്തോമ്മാ സഭ എന്നും അദ്ദേഹം പറഞ്ഞു.
ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സഭയുടെയും നിരണം-മാരാമൺ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തിലുള്ള രണ്ടു പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊപ്പം നീങ്ങാൻ കഴിഞ്ഞ സഭയാണ് മാർത്തോമ്മാ സഭ എന്നും സംവാദങ്ങൾക്ക് പ്രാമുഖ്യം നൽകി ആശയതലങ്ങളിലും പ്രായോഗിക തലങ്ങളിലും മികച്ച സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന മെത്രാപ്പോലിത്തയാണ് തിയഡോഷ്യസ് മാർത്തോമ്മാ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മുതിർന്ന പൗരരെ പുനരധിവസിപ്പിക്കുന്നതിന് സഭയായി തുടങ്ങുന്ന കേന്ദ്രം, കുമ്പനാട് മാർ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയിലേക്ക് വൃക്കരോഗികൾക്കായുള്ള ഡയാലിസിസ്് ചികിത്സാ ഉപകരണങ്ങൾ എന്നീ രണ്ടു പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. സി. എസ്. എെ. മദ്ധ്യ കേരളാ മഹാ ഇടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, സഭാ അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, നിരണം-മാരാമൺ ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, നിരണം-മാരാമൺ ഭദ്രാസന ട്രഷറാർ അനീഷ് കുന്നപ്പുഴ, സഭാ കൗൺസിൽ അംഗം ജോർജ് ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗം സൂസമ്മ സാമുവൽ എന്നിവർ പ്രസംഗിച്ചു.
ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്താ പ്രാരംഭ പ്രാർത്ഥനയും സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു സമാപന പ്രാർത്ഥനയും നടത്തി.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ മറുപടി പ്രസംഗം നടത്തി.

ഡിപ്പാർട്ട്മെന്റ് ഒാഫ് സേക്രഡ് മ്യുസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഗായകസംഘം ആശംസാ ഗാനം ആലപിച്ചു.

ആന്റോ ആന്റണി എം. പി., അഡ്വ. മാത്യു റ്റി. തോമസ് എം. എൽ. എ., രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, മുൻ മന്ത്രി തോമസ് ഐസക്, ഒാർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, മുൻ എം. എൽ. എ. ജോസഫ് എം. പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *