പത്തനംതിട്ട : അനധികൃത വ്യാപാര മേളകൾക്കെതിരെ പൊരുതാനുറച്ച് പത്തനംതിട്ടയിലെ വ്യാപാരികൾ. ഉത്സവകാലങ്ങളിൽ താൽക്കാലിക ഷെഡുകൾ കെട്ടിയുയർത്തി മേളകളിലൂടെ നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളും കമ്പനി സെക്കന്റ്സും വിലകുറച്ച് വിറ്റഴിക്കുന്നത് മൂലം പത്തനംതിട്ടയിലെ വ്യാപാരികളുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുകയാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം., ജനറൽ സെക്രട്ടറി കെ.സി.വർഗീസ്, ട്രഷറർ ഉല്ലാസ് പുരുഷോത്തമൻ എന്നിവർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുമ്പോട്ടു പോകുമെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയുള്ള അനധികൃത വ്യാപാരമേളകൾക്ക് നഗരസഭ അനുമതി നൽകുവാൻ പാടില്ലെന്നും ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനു സമീപം പഴയ ജിയോ ഗ്രൌണ്ടിലായിരുന്നു ഓണത്തിനോടനുബന്ധിച്ച് മൂന്നുമാസക്കാലം നീണ്ടുനിൽക്കുന്ന വ്യാപാരമേള നടത്തുവാൻ എറണാകുളം സ്വദേശി തയ്യാറെടുത്തത്. നഗരസഭയുടെ അനുമതി ലഭിക്കുന്നതിനു മുമ്പേ ഇവിടെ ഷെഡുകൾ നിർമ്മിക്കുകയും സാധനസാമഗ്രികൾ ഇറക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് പ്രതിഷേധവും നിയമനടപടികളുമായി മുന്നിട്ടിറങ്ങുകയായിരുന്നു. നിലവിൽ ഹൈക്കോടതി സിംഗിൾ ബഞ്ചിലും ഡിവിഷൻ ബഞ്ചിലും കേസ് നടക്കുകയാണ്. കൂടാതെ ഇന്നലെ ചേർന്ന പ്രത്യേക നഗരസഭാ കൌൺസിൽ യോഗത്തിൽ ഭരണ – പ്രതിപക്ഷ കൌൺസിലർമാർ ഒന്നടങ്കം വ്യാപാര മേളക്ക് അനുമതി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ നഗരസഭയിലെ ചില ഉദ്യോഗസ്ഥർ വ്യാപാരമേളക്ക് അനുമതി നൽകണമെന്ന താൽപ്പര്യത്തിലാണ്. 2019 ലെ കേരളാ മുനിസിപ്പൽ ബിൽഡിംഗ് ആക്ട് പ്രകാരമുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമേ താൽക്കാലിക വ്യാപാര മേളകൾക്കും സ്ഥിരം വ്യാപാരങ്ങൾക്കും ലൈസൻസ് നൽകുവാൻ കഴിയു. ജനത്തിരക്കേറുന്ന വ്യാപാര മേളകൾക്ക് മതിയായ സ്ഥലസൌകര്യം ഉണ്ടെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണം. കൂടാതെ അത്യാഹിതം ഉണ്ടായാൽ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും തടസ്സമുണ്ടാകരുത്. അതായത് മേള നടക്കുന്ന ഷെഡിന് ചുറ്റും അഗ്നിശമന വാഹനങ്ങൾക്കും ആംബുലൻസുകൾക്കും സുഗമമായി സഞ്ചരിക്കുവാൻ കഴിയണം. കർശനമായ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമേ താൽക്കാലിക വ്യാപാരമേളകൾക്ക് ലൈസൻസ് നൽകുവാൻ കഴിയൂവെന്നിരിക്കെയാണ് നഗരസഭയിലെ ചില ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി വ്യാപാരമേളകൾക്ക് അനുമതി നൽകുവാൻ ശ്രമിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. നഗരസഭാ കൌൺസിലിന്റെ തീരുമാനം പോലും കോടതിയെ യഥാസമയം അറിയിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവം ഉണ്ടാകുന്നുണ്ടെന്നും ഏകോപനസമിതി ഭാരവാഹികൾ ആരോപിച്ചു.


