പത്തനംതിട്ട – ജില്ല വികസന ഏകോപന നിരീക്ഷണ സമിതി (ദിശ) മൂന്നാംപാദ യോഗം കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ ചേർന്നു. ആന്റോ ആന്റണി എം പി അധ്യക്ഷനായി. ഉന്നതികളിലെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള വിദ്യാവാഹിനി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ എംപി ആവശ്യപ്പെട്ടു. വിശദമായി റിപ്പോർട്ടിനായി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തി. ജൽ ജീവൻ മിഷൻ പദ്ധതി വിശകലനം ചെയ്തു. നിരവധി സ്ഥലങ്ങളിൽ ജൽ ജീവൻ മിഷനായി പൈപ്പിടൽ പൂർത്തിയായെങ്കിലും കുടിവെള്ളം കൃത്യമായി കിട്ടുന്നില്ല. ടെൻഡർ നടപടി ഊർജിതമാക്കാൻ നിർദേശിച്ചു. എസ് ടി വിഭാഗക്കാരുടെ തൊഴിൽ, തൊഴിലുറപ്പ് പദ്ധതി എന്നിവ വിലയിരുത്തി. നാട്ടിലെ പട്ടിണി മാറ്റാൻ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞെന്നും പുതിയ സ്‌കീം വന്നതിനാൽ ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിക്കണമെന്നും എംപി നിർദേശിച്ചു.
പിഎംജിഎസ്വൈ പ്രവർത്തനം കൂടുതൽ ഊർജിതമാക്കണം. ഗ്രാമീണ മേഖലയുടെ വികസനത്തിന് ഉതകുന്ന പദ്ധതിയാണിത്. പദ്ധതി പൂർത്തീകരണത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വം നൽകാൻ എംപി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത്, ആരോഗ്യകേന്ദ്രങ്ങൾ, സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ ദ്രവ്യമാലിന്യ സംസ്‌കരണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതി അവലോകനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ, ദിശ കൺവീനറും പ്രോജക്ട് ഡയറക്ടറുമായ കെ. ഇ. വിനോദ്കുമാർ, വകുപ്പ് ഉദ്യോഗ്സഥർ തുടങ്ങിയവർ പങ്കെടുത്തു.


