പ്രക്കാനം – കായിക താരങ്ങളെ ചേർത്തുപിടിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പ്രക്കാനം വോളിബോൾ അക്കാദമി ഹോസ്റ്റൽ കെട്ടിട ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജൂൺ മുതൽ വിദ്യാർഥികൾ അക്കാദമിയിലെത്തും. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അക്കാദമിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. പരിശീലനത്തിനുള്ള സൗകര്യവും കായിക താരങ്ങൾക്ക് ജോലിയും ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവിലാണ് ഹോസ്റ്റൽ നിർമിച്ചത്.
കായിക മേഖലയ്ക്ക് പുതുചലനം സൃഷ്ടിക്കാൻ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള ജില്ല സ്റ്റേഡിയം ഉടൻ നാടിനു സമർപ്പിക്കും. സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനം പുരോഗമിക്കുന്നു. ഗ്യാലറിയും നീന്തൽ കുളത്തിന്റെ ആദ്യ ഘട്ടവും പൂർത്തിയായി. ഫുട്ബോൾ ടർഫ് നിർമാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടമായി ഇൻഡോർ സ്റ്റേഡിയം നിർമിക്കും. ജില്ലയിലെ കായിക പ്രതിഭകൾക്ക് മികച്ച പരിശീലന സൗകര്യം ഉറപ്പാക്കും. വിവിധ കായിക ഇനങ്ങളിൽ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജില്ലയിലെ കായിക മേഖലയെ കൂടുതൽ സജീവമാക്കാൻ സ്റ്റേഡിയത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ പ്രൊഫ. ടി കെ ജി നായർ അധ്യക്ഷനായി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന ബാബു, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, സെക്രട്ടറി അമൽ, സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റജനോൾ വർഗീസ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.



