വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ് ; വിദേശത്ത് നിന്ന് വന്ന ദമ്പതികളുടെ 1.40 കോടി തട്ടി: വീണ്ടും പണം ഇടാനുളള ശ്രമം തടഞ്ഞ് ബാങ്ക് ജീവനക്കാർ: നഷ്ടമായ തുക തിരിച്ചു പിടിക്കാൻ പോലീസും

Crime
Print Friendly, PDF & Email

മല്ലപ്പള്ളി – വിദേശത്ത് നിന്ന് അടുത്തിടെ നാട്ടിലെത്തിയ വൃദ്ധദമ്പതിമാരെ വെർച്വൽ അറസ്റ്റിൽ കുടുക്കി 1.40 കോടി തട്ടി. മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഡേവിഡ് പി മാത്യു, ഭാര്യ ഷേർലി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ 18 നാണ് സംഭവം. അജ്ഞാത ഫോണിൽ നിന്നും ഷെർലിയെ വിളിച്ച തട്ടിപ്പ് സംഘം മുബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തി. നിങ്ങൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിർച്വൽ അറസ്റ്റിലാണെന്നും ഭീഷണിപ്പെടുത്തി പല തവണയായി പണം തട്ടിയെടുക്കുകയായിരുന്നു

തട്ടിപ്പുകാരൻ ഒരു ഫോൺ നമ്പർ പറഞ്ഞു. ഈ നമ്പരിൽ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ അയച്ചു കൊടുത്തു. ഈ നമ്പർ നിങ്ങളുടെ പേരിലുള്ളതാണ്. അതിനെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര് പോലീസ് സ്‌റ്റേഷനിൽ ജാമ്യം എടുക്കണമെന്നും അല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പോലീസ് സ്‌റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യും എന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. ക്രൈംബ്രാഞ്ച് മുംബൈ ചെമ്പൂർ സ്‌റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺ വന്നത്. നിങ്ങൾ വിർച്വൽ അറസ്റ്റിലാണെന്നും സൈബർ കേസ് ആണെന്നും വിവരം ആരോടും പറയരുതെന്നും പറഞ്ഞു. ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പറിൽ നിന്നും വിളിച്ചു. നിങ്ങളുടെ പേരിൽ നരേഷ് ഗോയൽ എന്നയാളുടെ അക്കൗണ്ടിൽ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ട്. അതു കൊണ്ട് ആ കേസിലും പ്രതിയാണ്. കേസ് സിബിഐക്ക് കൈമാറുകയാണ്. നിങ്ങളുടെ ആധാറും അക്കൗണ്ടും ഫ്രീസ് ചെയ്യുന്നുവെന്ന് പറഞ്ഞു. റിസർവ് ബാങ്കിന്റെ ചെക്കിങ്ങിനായി എന്നുപറഞ്ഞ് ഒരു അക്കൗണ്ട് നമ്പർ നൽകിയിട്ട് അതിലേക്ക് പണം അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. അതിൻ പ്രകാരം 90.50 ലക്ഷം അയച്ചു കൊടുത്തു. 20 ന് വീണ്ടും വാട്‌സാപ്പ് കോളിലൂടെ 50 ലക്ഷം രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. 21 ന് 50 ലക്ഷം അയച്ചു കൊടുത്തു. തുടർന്ന് വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. വീണ്ടും പണം അയക്കാൻ ഫെഡറൽ ബാങ്കിൽ എത്തിയ സമയം വിവരം അറിഞ്ഞ പോലീസിന്റെ ഇടപെടൽ മൂലം പണം അയക്കുന്നത് തടയുകയായിരുന്നു.

മല്ലപ്പള്ളി ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 90.50 ലക്ഷവും റാന്നി മന്ദമരുതി ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതികൾ നൽകിയ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയും അയച്ചു വാങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം പണം തടഞ്ഞു വയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കത്ത് നൽകി. ബാങ്ക് തുടർ നടപടികൾ നടത്തി വരുന്നു. ദമ്പതികളുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് ഇൻസ്‌പെക്ടർ ആർ. രാജേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടിനാണ് നാട്ടിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *