ഇടുക്കി/അണക്കര: ഭരണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ ശക്തമായ ജനകീയ മുന്നേറ്റത്തിനൊരുങ്ങി അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി (എ.വി.ജെ.എം.). ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വാർഡ് കമ്മിറ്റികൾക്ക് രൂപം നൽകുമെന്ന് മുന്നണി ചെയർമാൻ സുനിൽ വണ്ടൻമേട് പ്രഖ്യാപിച്ചു. ഈ കമ്മിറ്റികൾ ‘വിജിലൻ്റ് വണ്ടൻമേട്’ എന്ന പേരിലായിരിക്കും പ്രവർത്തിക്കുക. ഭരണത്തിലെ സുതാര്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉറപ്പാക്കുക എന്നതാണ് പുതിയ വാർഡ് കമ്മിറ്റികളുടെ പ്രാഥമിക ലക്ഷ്യം.വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ, സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിതരണം, ഉദ്യോഗസ്ഥ തലത്തിലെ നടപടിക്രമങ്ങൾ എന്നിവയെല്ലാം കമ്മിറ്റിയുടെ കർശന നിരീക്ഷണത്തിലായിരിക്കും.
പഞ്ചായത്ത് തലത്തിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകൾ നീക്കാനും ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് എ.വി.ജെ.എം. നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഷ്ട്രീയ പക്ഷപാതിത്വം ഇല്ലാതെ പൊതുതാൽപര്യമുള്ള വ്യക്തികളെയും പ്രാദേശിക നേതാക്കളെയും ഉൾപ്പെടുത്തി ഉടൻതന്നെ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധ ശബ്ദമായി ‘വിജിലൻ്റ് വണ്ടൻമേട്’ മാറുമെന്നും സുനിൽ വണ്ടൻമേട് കൂട്ടിച്ചേർത്തു.


