സന്നിധാനം – ശബരിമലയിൽ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂർ റീജിയണൽ റെസ്‌പോൺസ് സെന്ററിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബർ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവിൽ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയിൽ നിന്നുള്ള 38 അംഗ സംഘം ഇന്ന് (19) രാത്രിയോടെ എത്തും. തീർഥാടകർക്ക് സിപിആർ ഉൾപ്പടെ അടിയന്തരഘട്ട വൈദ്യസഹായം നൽകുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവർ. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചർ ഉൾപ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളിൽ അതിവേഗം ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവർ. കോൺക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പോലിസ് സ്‌പെഷ്യൽ ഓഫീസർ എന്നിവരുടെ നിർദ്ദേശാനുസരണം സംഘം പ്രവർത്തിക്കുമെന്ന് ടീം കമാൻഡറായ ഇൻസ്‌പെക്ടർ ജി സി പ്രശാന്ത് പറഞ്ഞു.
എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ഇൻസ്പെക്ടർ ജി.സി പ്രശാന്ത് സംസാരിക്കുന്നു


