പത്തനംതിട്ട – വെള്ള ചുരിദാറിനു കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെൽറ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുൻ ദഫേദാർ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാർ.
മാഞ്ഞാലി തുവയൂർ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയർ ഓഫീസ് അറ്റൻഡറാണ് കലക്ടറുടെ ദഫേദാർ. 20 വർഷമായി സർവീസിലുള്ള അനുജ അടൂർ റീസർവേ ഓഫീസിൽ ഓഫീസ് അറ്റൻഡർ ആയിരുന്നു. ചേംബറിൽ കലക്ടർക്കു വേണ്ട ക്രമീകരണങ്ങൾ ഒരുക്കുക, സന്ദർശകരെ ചേംബറിലേക്ക് കടത്തിവിടുക, അവർക്കു വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടർ ഓഫീസിലെത്തിയാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം. ഭർത്താവ് വിനീഷും മക്കളായ കാശിനാഥും കൈലാസനാഥും പൂർണ പിന്തുണയുമായുണ്ട്.

ചിത്രം: ദഫേദാർ
ജില്ലാ കല്കടർ എസ് പ്രേംകൃഷ്ണന് മുമ്പാകെ റ്റി അനുജ ദഫേദാറായി ചുമതലയേൽക്കുന്നു


