മെഴുവേലി – തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകുമ്പോൾ രണ്ടു വാർഡുകളിൽ കോൺഗ്രസിന് ക്ഷീണം. വാർഡ് 9 ഇലവുംതിട്ട കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് ആയിരുന്ന ശശികല ( ശോഭാ മുരളി ) വാഗ്ദാനം ചെയ്ത സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എൻ.ഡി. എ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. വാർഡ് 6 ൽ പഴയ അഞ്ചാം വാർഡ് സ്ഥാനാർത്ഥി ആയിരുന്ന രജനി ബിജുവിനെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നു. നീട്ടിവെച്ച സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ രജനി ബിജു തന്നെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. അവിടെ റിബൽ സ്ഥാനാർത്ഥിയായി രമ രതീഷ് രംഗത്തു വന്നു. മെഴുവേലിയിലെ തന്നെ കോൺഗ്രസ്സ് നേതാക്കളുടെയും, പ്രവർത്തകരുടെയും പ്രതിനിധിയായായ രമാ രതീഷ് മത്സരിക്കുന്നത് എന്നാണറിയുന്നത്. കഴിഞ്ഞ തവണ അഞ്ചാം വാർഡിൽ ടോസിലൂടെയാണ് രജനി ബിജു വിജയിച്ചത്. അതായത് 10 വോട്ടുകൾ മാറിയാലും ആരും ജയിക്കാനും പരാജയപ്പെടാനുമുള്ള സാദ്ധ്യതയുള്ള വാർഡ്. ഇടതുപക്ഷ അനുഭാവി ആയിരുന്നയാളെ യു.ഡി.എഫ് റിബലാക്കിയതിലൂടെ ഇടതുപക്ഷ വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാകാനുള്ള തന്ത്രമാണെന്നും ചിലർ പറയുന്നു. എന്തായാലും കഴിഞ്ഞ തവണ ഒരു സീറ്റിൽ നഷ്ടപ്പെട്ട ഭരണം തികെപ്പിടിക്കാൻ യു.ഡി.എഫിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. !! എല്ലാ വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയ ബി.ജെ.പി ശക്തമായ മത്സര ചിത്രമാണ് നൽകുന്നത്. ഒരുകാലത്ത് ബിജെപിക്ക് സ്ഥാനാർത്ഥികളെ കിട്ടാൻ പാടുപെട്ടിരുന്ന പഞ്ചായത്തിൽ ഇന്ന് പ്രമുഖരായ സ്ഥാനാർത്ഥികൾ രംഗത്ത്. ആര് മത്സരിച്ചാലും ഏതാണ്ട് 100 ൽ കൂടുതൽ വോട്ടുകളും, രണ്ടു വാർഡുകളിൽ രണ്ടാം സ്ഥാനത്തും വരാറുള്ള ബിജെപി ഇത്തവണ പിടിക്കുന്ന വോട്ടുകളും ഇടതു വലതു മുന്നണികളുടെ വിജയ പരാജയങ്ങളെ ബാധിക്കും എന്നുള്ളതിൽ സംശയമില്ല.


