കാക്കിക്കുള്ളിലെ ‘ആക്ഷൻ ഹീറോ’കൾ അഭിനയിക്കുന്നത് രക്ഷാപ്രവർത്തനമോ, റിയാലിറ്റി ഷോയോ ?

Kerala Idukki
Print Friendly, PDF & Email

ഇടുക്കി – ‘സര്‍, ഞാന്‍ ജീവനൊടുക്കാന്‍ പോകുന്നു,’ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ ശബ്ദിച്ചു. മറുതലയ്ക്കല്‍ ഒരു ജീവിതം പിടയുമ്പോള്‍, ഇവിടെ സൈറണ്‍ മുഴങ്ങുന്ന പൊലീസ് വാഹനം പാഞ്ഞെത്തുന്നു. ഒപ്പം, തത്സമയം ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ക്യാമറാ സംഘവും !! മിനിറ്റുകള്‍ക്കകം നാടകീയമായ ‘രക്ഷാപ്രവര്‍ത്തനം’ നടക്കുന്നു, ജീവിതത്തിലേക്ക് ഒരാളെ കൈപിടിച്ചു കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രേക്കിങ് ന്യൂസായി നാടറിയുന്നു. അഭിനന്ദന പ്രവാഹങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ ലൈക്കുകളുടെ പെരുമഴ. കാഴ്ചയില്‍ എത്ര മനോഹരമായ ചിത്രം !! എന്നാല്‍, ആ ക്യാമറ ഫ്രെയിമുകള്‍ക്ക് പിന്നില്‍ ചില അസുഖകരമായ ചോദ്യങ്ങള്‍ ഉയരുന്നില്ലേ?

ഒരുകാലത്ത് രാഷ്ട്രീയക്കാര്‍ മാത്രം പയറ്റിത്തെളിഞ്ഞ ഒരു അടവായിരുന്നു ഇത്. ദുരിതമുഖങ്ങളില്‍ ഓടിയെത്തി ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് സഹായങ്ങള്‍ നല്‍കി ജനകീയത ഉറപ്പിക്കുന്ന തന്ത്രം. ഇന്ന് അതേ പാതയിലേക്ക് ചില പൊലീസ് ഉദ്യോഗസ്ഥരും ചുവടുവെക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ പോലെ എല്ലാം കൃത്യം. അപകടസ്ഥലത്ത് പൊലീസും ചാനല്‍ ക്യാമറകളും ഏതാണ്ട് ഒരേ സമയത്ത് എത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ നിമിഷവും ക്ലോസപ്പ് ഷോട്ടുകളില്‍ ഒപ്പിയെടുക്കുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനാണോ അതോ അതിന്റെ ദൃശ്യങ്ങള്‍ക്കാണോ പ്രാധാന്യം എന്ന് ജനം സംശയിച്ചു തുടങ്ങിയാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമോ?

മഹാപ്രളയവും കോവിഡ് മഹാമാരിയും തീര്‍ത്ത പ്രതിസന്ധികളില്‍ കേരളം കണ്ടതാണ് ഇത്തരം ‘ഷോ’കളുടെ ആദ്യ പതിപ്പുകള്‍. രാവും പകലും സ്വന്തം ജീവന്‍ പണയപ്പെടുത്തി സേവനം ചെയ്ത ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ യഥാര്‍ത്ഥ സേവനങ്ങളെ ഇത്തരം ചില ‘താരോദയങ്ങള്‍’ നിഷ്പ്രഭമാക്കി. പ്രളയജലത്തില്‍ ഒരു അമ്മയ്ക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം കുനിച്ചു നല്‍കി ‘സേവകന്‍’ എന്ന് പേരെടുത്തയാളുടെ ചിത്രം നാം മറന്നിട്ടില്ല. എന്നാല്‍, അതേ ആള്‍ പിന്നീട് ഒരു പിടിച്ചുപറി കേസില്‍ ഉള്‍പ്പെട്ടു എന്ന വാര്‍ത്ത എത്രപേര്‍ ശ്രദ്ധിച്ചു?

ഒറ്റപ്പെട്ട സംഭവമായി ഇതിനെ എഴുതിത്തള്ളാം. പക്ഷേ, സേവനത്തിന്റെ മറവില്‍ സൃഷ്ടിക്കപ്പെടുന്ന പ്രതിച്ഛായകള്‍ എത്രത്തോളം യഥാര്‍ത്ഥമാണെന്ന ചോദ്യം ബാക്കിയാകുന്നു.ഒരു മനുഷ്യന്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നത് അതീവ ഗൗരവമേറിയ മാനസിക സംഘര്‍ഷത്തിന്റെ ഫലമാണ്. അതിന് വേണ്ടത് ആത്മാര്‍ത്ഥമായ ഇടപെടലും കൗണ്‍സിലിംഗുമാണ്, അല്ലാതെ ക്യാമറകള്‍ക്ക് മുന്നിലെ നാടകീയമായ പ്രകടനങ്ങളല്ല. ഇത്തരം ദൃശ്യങ്ങള്‍ ഒരുവശത്ത് സേനയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ മറുവശത്ത്, യഥാര്‍ത്ഥ ദുരന്തങ്ങളെപ്പോലും സംശയത്തോടെ നോക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നു. പോലീസിന്റെ ജോലി ജനങ്ങളെ സേവിക്കുക എന്നതാണ്, അല്ലാതെ സ്വയം താരങ്ങളായി മാറുക എന്നതല്ല.

ജനമനസില്‍ പൊലീസിനോടുള്ള വിശ്വാസ്യതയാണ് അവരുടെ ഏറ്റവും വലിയ ശക്തി. ആത്മാര്‍ത്ഥതയില്ലാത്ത ഇത്തരം പ്രകടനങ്ങള്‍ ആ വിശ്വാസ്യതയെ കാര്‍ന്നുതിന്നുകയാണ് ചെയ്യുന്നത്. കാക്കിക്കുള്ളിലെ നന്മകളെയും യഥാര്‍ത്ഥ സേവനങ്ങളെയും ജനം കാണുകയും അംഗീകരിക്കുകയും ചെയ്യും. അതിന് ചാനല്‍ ക്യാമറകളുടെ സഹായം ആവശ്യമില്ല. നാടകം തുടരുമ്പോള്‍ അരങ്ങൊഴിയുന്നത് പൊലീസെന്ന സംവിധാനത്തില്‍ സാധാരണക്കാരനുള്ള പ്രതീക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *