ജനങ്ങളുടെ രക്ഷയും, മൃഗങ്ങളുടെ രക്ഷയും സർക്കാർ തുല്യ പരിഗണന നൽകും: മന്ത്രി എ.കെ. ശശീന്ദ്രൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാനത്തെ ജനങ്ങളുടെയും, മൃഗങ്ങളുടെയും രക്ഷ സർക്കാരിന് തുല്യ പരിഗണനാ വിഷയങ്ങൾ ആണെന്ന് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അരിക്കൊമ്പൻ ആനയെ സുരക്ഷിതമായി മാറ്റുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി പറഞ്ഞ അതേ സ്പിരിറ്റ് ഉൾക്കൊണ്ടു തന്നെയാണ് ആനയെ ഉൾവനത്തിലേക്ക് കൊണ്ടു പോകുന്നത്. സർക്കാർ അതീവ ഗൗരവത്തിൽ കാണുന്ന ഈ വിഷയം ചില കേന്ദ്രങ്ങളിൽ നിന്നും വളരെ ലാഘവത്തോടെ കാണുകയും നിസാരവൽക്കരിച്ചു സംസാരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വളരെ പ്രതികൂല സാഹചര്യങ്ങളിൽ നിന്നു കൊണ്ടാണ് ദൗത്യസംഘം പ്രവർത്തിക്കുന്നത്. മൃഗങ്ങൾ ഒരിക്കലും സ്വമേധയാ മുൻപിൽ വന്നു നിന്നു തരില്ല. അനുയോജ്യമായ സ്ഥലത്തു കാലാവസ്ഥ അനുകൂലമായ സമയത്ത് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യം നില നിൽക്കെ ജനങ്ങൾ രോഷാകുലരാണെന്നും, പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയെന്നു പറയുന്നതും ദൗർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വന്യ ജീവികളെയും, ജനങ്ങളെയും ഒരു പോലെ സംരക്ഷിച്ചു കൊണ്ടു പോകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ 1/3 ശതമാനം വന പ്രദേശമാണ്. അതിലും കൂടുതൽ ഭാഗം സർക്കാരും വനം വകുപ്പും സംരക്ഷിച്ചു വരുന്നുണ്ട്. ജനവാസം തീരെ കുറഞ്ഞതും, ഉൾവനങ്ങൾ ഏറെ ഉള്ളതുമായ പ്രദേശത്തേക്കാണ് അരിക്കൊമ്പനെ കൊണ്ടു പോകുന്നത്. കൊണ്ടു പോകുന്ന സ്ഥലം ഏതു തന്നെ ആയാലും ആ സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലും, നിയന്ത്രണത്തിലുമായിരിക്കും. അരിക്കൊമ്പനെ കൂടെയുള്ള ഒരു സംഘം ആനകൾ സംരക്ഷിക്കുന്നതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. സംഘം ചേർന്നു നിൽക്കുമ്പോൾ അരിക്കൊമ്പനെ മയക്കു വെടിവച്ചാൽ മറ്റ് ആനകൾ പ്രകോപിതാരാകാനും സാധ്യതയുണ്ട്. കമ്മ്യൂണിറ്റി ലൈഫ് കുടുംബത്തിൽ നിന്നും രക്ഷപെട്ടു പോകുന്നവരാണ് കൂടുതൽ അപകടകാരികളായി കാണുന്നത്. ഇപ്പോൾ ഡോക്ടർമാരും, കുങ്കിയാനകളും അരിക്കൊമ്പന് സമീപം എത്തിയിട്ടുണ്ട്. ഇനി വാഹനത്തിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് വേണ്ടത്. വളരെ അഭിനന്ദനാർഹാമായ പ്രവർത്തനങ്ങളാണ് ദൗത്യ സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ നില നിൽക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലാ കളക്ടറുടെ നല്ല രീതിയിലുള്ള നിരീക്ഷണത്തിലാണ് ആനയെ കൊണ്ടു പോകുന്നത്. പോലീസും, ഫയർ ഫോർസും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊണ്ടു പോകുന്ന വഴിയിൽ പൊതു ജനങ്ങൾ പടക്കം പൊട്ടിച്ചു ആഘോഷിക്കുവാനോ, വീഡിയോ പിടിച്ചു ഷെയർ ചെയ്യാനോ പാടില്ലെന്ന കോടതി നിർദേശം പാലിക്കണം. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരിക്കൊമ്പനെ സുരക്ഷിതമായി ഉൾവനത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *