പോഷിത അരി പൊതുവിപണിയിലും ലഭ്യമാകാൻ തുടങ്ങിയതോടെ റേഷൻ കരിഞ്ചന്ത വ്യാപകം

Kerala Idukki
Print Friendly, PDF & Email

ഇടുക്കി – പോഷിത അരി (ഫോർട്ടിഫൈഡ്) പൊതുവിപണിയിലും എത്തിയതോടെ റേഷൻ കരിഞ്ചന്ത തടയാനാകാതെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. റേഷൻവിതരണത്തിനു നൽകുന്ന അതേ പോഷിത അരി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ (ഒഎംഎസ്എസ്) സ്വകാര്യ ഏജൻസികൾക്കും നൽകുന്നതാണു കാരണം.

രണ്ട് അരിയും തിരിച്ചറിയാൻ കഴിയാത്തതിനാൽ റേഷൻ തിരിമറിക്കാർ വീണ്ടും സക്രിയമായി. റേഷൻകാർഡ് ഉടമകളും ചില സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും തിരിമറിക്കു കൂട്ടുനിൽക്കുന്നുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. പലയിടത്തും തിരിമറി വ്യാപകമാണ്. ഇതു പിടികൂടുന്നത് വളരെ കുറവാണ്.

അഥവാ പിടിച്ചാലും റേഷനരിയാണോയെന്നു തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്കു കഴിയാറില്ല. അതിനാൽ, ഒട്ടുമിക്ക തിരിമറിക്കാരും നിയമനടപടിയിൽനിന്ന് രക്ഷപ്പെടുകയാണ്.റേഷൻവിതരണത്തിന്‌ പോഷിത അരിയും ഒഎംഎസ്എസിൽ സാധാരണ അരിയും നൽകിയാൽ പ്രശ്നം പരിഹരിക്കാം. എന്നാൽ, മില്ലുകളിൽനിന്ന് എഫ്സിഐയിലേക്കു വരുന്നതുമുഴുവൻ പോഷിത അരിയാണ്.

അതിനാൽ, അരി പ്രത്യേകം വിതരണംചെയ്യാനാകില്ല.പൊതുവിപണിയിൽനിന്നു പിടികൂടുന്ന അരിക്ക് എഫ്സിഐയുടെ ബില്ല് ഇല്ലെങ്കിലേ റേഷനരിയായി കണക്കാക്കി കണ്ടുകെട്ടൂ. ബില്ല് നൽകുന്നവരെ നിയമനടപടിയിൽനിന്ന്‌ ഒഴിവാക്കും. അരി വേർതിരിച്ചറിയാൻ മറ്റു ശാസ്ത്രീയമാർഗങ്ങളൊന്നും നിലവിലില്ല.

പോഷിത അരി എളുപ്പം തിരിച്ചറിയാം

നിശ്ചിത അളവിൽ ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ കൂട്ടിക്കലർത്തി തയ്യാറാക്കിയ അരി, സാധാരണ അരിയിൽ ചേർക്കുമ്പോഴാണ് പോഷിതമാകുന്നത്. റേഷൻകട വഴി കഴിഞ്ഞവർഷംമുതൽ ഇതാണ് വിതരണംചെയ്യുന്നത്. റേഷനരി വെള്ളത്തിലിട്ടാൽ ഇടയ്ക്കിടെ വെളുത്ത അരി പൊങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അതു പോഷിതമാണെന്നു തിരിച്ചറിയാം. റേഷൻകടകൾ വഴി നൽകുന്ന പുഞ്ചയരി, പുഴുക്കലരി, പച്ചരി എന്നിവ പോഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *