തിരുവല്ല – റവന്യൂ ടവറിനുള്ളിൽ പ്രവർത്തിക്കുന്ന ബെവ്‌കോ മദ്യവിൽപന ശാലയിൽ നിന്ന് മദ്യം വാങ്ങി വരുന്നവർക്ക് പോലീസ് ചെക്കിംഗ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് ഇറങ്ങി നിന്നാണ് മദ്യവും വാങ്ങി വരുന്നവരെ ഊതിക്കുന്നത്. ഒരു ഘട്ട മദ്യപാനം കഴിഞ്ഞ് അടുത്തത് വാങ്ങാൻ ഇറങ്ങുന്നവരാണ് മിക്കപ്പോഴും ഇരകൾ. ബ്രത്ത് അനലൈസർ വിസിൽ മുഴക്കുന്നതോടെ ഇരകൾ വീഴുകയായി. ഇത് പതിവ് പരിപാടിയായതോടെ തിരുവല്ലയിലെ ബെവ്‌കോ വിൽപന ശാലയിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞു.
റവന്യൂ ടവർ ഭാഗത്ത് നിന്ന് കാറിലും ഇരുചക്രവാഹനങ്ങളിലും വരുന്നവരെയാണ് പോലീസ് നോട്ടമിടുന്നത്. സ്‌റ്റേഷന്റെ മുന്നിലേക്ക് ഇറങ്ങി നിന്നാൽ എളുപ്പം പോക്കറ്റ് നിറയുമെന്നതിനാൽ പോലീസിനും സൗകര്യമായി. കഴിഞ്ഞ മാസം കാറിൽ വന്ന പോലീസുകാരനെയും സുഹൃത്തുക്കളെയും ഊതിക്കാൻ ശ്രമിച്ചത് വിവാദമായിരുന്നു.
സാധാരണക്കാരൻ കുറഞ്ഞ നിരക്കിൽ മദ്യം വാങ്ങാൻ വരുമ്പോൾ അതിന് മുന്നിൽ നിന്ന് ഊതിക്കുന്നത് സർക്കാരിന്റെ വരുമാനം ഇല്ലാതാക്കാനും ബാർ മുതലാളിമാരെ സഹായിക്കുന്നതിനുമാണെന്ന് മദ്യപർ പറയുന്നു. തിരുവല്ലയിൽ നിരവധി ബാറുകളുണ്ട്. അവിടെ നിന്ന് മദ്യപിച്ച് വാഹനമോടിച്ച് ഇറങ്ങി വരുന്നവരെ പരിശോധിക്കാൻ ഒരു പോലീസുകാരനും തയാറാകുന്നില്ല. ഇത് ബാർ ഉടമകളുടെ കൈയിൽ നിന്ന് പടി വാങ്ങിയാണെന്ന് ആക്ഷേപവും ഉയരുന്നു.
പോലീസുകാരെ വാഹന പരിശോധനയ്ക്ക് നിയോഗിക്കുന്നത് റോഡുകളിലാണ്. പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിന്ന് വാഹന പരിശോധന നടത്താൻ സാധാരണ ആരെയും ചുമതലപ്പെടുത്താറില്ല. റോഡിൽ ഇറങ്ങാതെ നിന്ന് ടാർജറ്റ് നേടുന്നതിന് വേണ്ടിയാണ് ഇപ്പോൾ പോലീസ് ശ്രമിക്കുന്നതെന്ന് പറയുന്നു. ബെവ്‌കോയ്ക്ക് മുന്നിൽ മാത്രമല്ല, ബാറുകളുടെ സമീപത്തും പരിശോധന കർശനമാക്കണമെന്നും ആവശ്യം ഉയരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

