നിൽപ്പ് സമരം നടത്തി എടത്വ വികസന സമിതി ; അമ്പലപ്പുഴ – പൊടിയാടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണം

Kerala Alappuzha
Print Friendly, PDF & Email

എടത്വ: അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിൽപ് സമരം നടത്തി. എടത്വ ടൗൺ ഗാന്ധി സ്മൃതിക്ക് സമീപം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു അധ്യക്ഷത വഹിച്ചു.കൺവീനർ സാബു മാത്യൂ കളത്തൂർ പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.സി.ജോസഫ്, രക്ഷാധികാരിമാരായ ജോജി കരിക്കംപ്പള്ളിൽ, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം,ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, വൈസ് പ്രസിഡന്റ്‌മാരായ ജോർജ്ജ് തോമസ് കളപ്പുര, പി.ഡി.രമേശ്കുമാർ, ജോ. സെക്രട്ടറിമാരായ ടോമിച്ചൻ കളങ്ങര, അജി കോശി, ബാബു കൊഴുപ്പക്കളം, എം.വി. ആന്റണി, രാജു കറുകയിൽ, പീറ്റർ വർഗ്ഗീസ്, ബാബു കണ്ണന്തറ എന്നിവർ നേതൃത്വം നൽകി.

റോഡിന്റെ നിർമ്മാണ കാലയളവിൽ വെള്ളക്കെട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാനുള്ള സംവിധാനം ഉറപ്പ് വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയരുടെ ഓഫിസിൽ നിവേദനം നല്കിയിരുതാണ്.ജല നിരപ്പ് ചെറിയ രീതിയിൽ ഉയർന്നാൽ പോലും ഇവിടെ വെള്ള ക്കെട്ട് ഉണ്ടാകുകയും ഗതാഗത തടസ്സം നേരിടുന്നത് പതിവ് സംഭവമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സംസ്ഥാന പാതയിൽ ഉണ്ടാവുന്ന വെള്ളക്കെട്ട് മൂലം കെഎസ്ആർടിസി സർവീസ് മുടങ്ങുന്നത് നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്തിയിരിക്കുകയാണ്. അത്യാഹിത സമയങ്ങളിൽ തിരുവല്ലയിൽ ഉള്ള പ്രധാന ആശുപ്രതികളിൽ പോലും എത്താൻ പറ്റാത്ത അവസ്ഥയാണ്.

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് പാലത്തിന് സമീപം അപകടം പതിയിരിക്കുന്ന വളവായി മാറിയിരിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ രണ്ട് മരണവും ചെറുതും വലുതുമായ നിരവധി അപകടങ്ങളും ഇവിടെ നടന്നിരുന്നു.വിദ്യാർഥികളും കാൽനട യാത്രക്കാരും ഉൾപെടെ നിരവധി യാത്രക്കാർ ഇവിടെ വെച്ച് അപകടത്തിൽ പെട്ടിട്ടുണ്ട്.റോഡിന്റെ വളവിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകട കെണിയാകുന്നത്.ദൂരെ നിന്നെത്തുന്ന വാഹനങ്ങൾ വളവിന്റെ അടുത്ത് എത്തുമ്പോൾ മാത്രമാണ് മറുഭാഗത്ത് നിന്ന് വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെടുന്നത്.റോഡിന്റെ വളവും ഒപ്പം ചരിവും വാഹനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക വാഹനങ്ങളും അമിത വേഗതയിലാണ് ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത്. അപകട സ്ഥലങ്ങളിൽ അപായ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ട്രാഫിക് നിയന്ത്രണം കർശനമാക്കുകയോ ചെയ്താൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാൻ സാധിക്കും.
മരിയാപുരം,കോഴിമുക്ക്, വെള്ളക്കിണർ,തലവടി പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ നിരവധി ജീവൻ പൊലിയുകയും 50 ലേറെ അപകടങ്ങൾ നടക്കുകയും ചെയ്തിരുന്നു.മഴക്കാലം തുടങ്ങുന്നതോടെ ഈ സ്ഥലങ്ങൾ യാത്രക്കാരുടെ പേടിസ്വപ്നമാണ്.അമിത വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടാണ് അപകടത്തിൽ പെടുന്നത്.റോഡ് സുരക്ഷാ ചുമതലയുള്ള കേരളാ റോഡ് ഫണ്ട് ബോർഡ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *