കോഴിക്കോട് – ഇന്നലെ രാത്രി മെഡിക്കൽ കോളേജിലുണ്ടായ പൊട്ടിത്തെറിയും തുടർന്നുള്ള പുകയും കാരണമല്ല അഞ്ചു മരണങ്ങൾ സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. മരിച്ച അഞ്ചുപേരിൽ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവർ അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും അധികൃതർ വെളിപ്പെടുത്തി.
ഒരാൾ തൂങ്ങി മരിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കൊണ്ടുവന്നതാണ്. കൊണ്ടു വന്നപ്പോഴേ മരിച്ചിരുന്നു. ഒരാൾക്ക് വായിൽ അർബുദം ബാധിച്ച് കൊണ്ട് വന്നതാണ്. കൗണ്ട് കുറഞ്ഞ് രോഗബാധയായി വന്നതായിരുന്നു. അതീവ ഗുരുതരമായിരുന്നു. ഒരാൾക്ക് അതീവ കരൾരോഗമായിരുന്നു. വൃക്ക തകാരാറിലായിരുന്നു. മറ്റൊരാൾക്ക് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. രണ്ടു പേർ ഉച്ചയ്ക്ക് ശേഷം വന്നവരാണ്. വയനാടിൽ നിന്ന് വന്ന സത്രീ വിഷം കഴിച്ചാണ് ഇവിടെയെത്തിയത്. പുക വന്നപ്പോഴേ അവരെ മാറ്റിയിരുന്നു. ഇതിൽ തൂങ്ങി മരിച്ചതും വിഷം കഴിച്ചുമരിച്ചതുമായ രണ്ടുപേരേ പോസ്റ്റ്‌മോർട്ടം ചെയ്യും. മറ്റുള്ളവരെ ബന്ധുക്കളുമായി സംസാരിച്ചതിന് ശേഷം മറ്റു നടപടികൾ സ്വീകരിക്കും എന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മാധ്യമങ്ങളോടായി പറഞ്ഞു.
മെഡിക്കൽ കോളേജിലുണ്ടായ പുകയിൽ മരണം സംഭവിച്ചുവെന്ന് ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്. പുക വന്നപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞതായി എം.എൽ.എ കൂട്ടിച്ചേർത്തു. 30 പേർ സ്വകാര്യ ആശുപത്രിയിലേക്ക് സ്വമേധയാ മാറി. മറ്റുള്ളവർ ബീച്ച് ആശുപത്രിയിലാണ്. മെഡിക്കൽ കോളേജിലെ ഒരു സംഘം ബീച്ച് ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിക്കും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കാനുള്ള തീവ്ര യത്‌നത്തിലാണ്. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.
*അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും അപ്പപ്പോൾത്തന്നെ നിർദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികൾക്ക് ബീച്ച് ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.


