വയോധികയെ കബളിപ്പിച്ച് പണവും സ്വർണവും തട്ടിയതിനു വേളാങ്കണ്ണി മാതാവിന്റെ ‘അവതാരം’ അറസ്റ്റിലായി

Crime Pathanamthitta
Print Friendly, PDF & Email

അടൂർ: താൻ വേളാങ്കണ്ണി മാതാവിന്റെ പ്രതിരൂപമാണെന്നും പറഞ്ഞ് വയോധിക ദമ്പതികളെ വിശ്വസിപ്പിച്ച ശേഷം പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത സ്ത്രീയെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ആനയടി തെങ്ങമം തോട്ടുവാ തുളസി ഭവനം വീട്ടിൽ തുളസി ( 57) ആണ് പോലീസിന്റെ വ്യാപക അന്വേഷണത്തിൽ കുടുങ്ങിയത്. ഏനാത്തു കടമ്പനാട് വടക്ക് ചുമട്താങ്ങി ഒറ്റത്തെങ്ങ് പുത്തൻ വീട്ടിൽ ലീലാമ്മ (74)യാണ് പ്രതിയുടെ മാതാവിന്റെ അവതാരമെന്ന വാഗ്‌വിലാസത്തിൽ കബളിപ്പിക്കപ്പെട്ടത്. ഭർത്താവിനും മരുമക്കൾക്കും അപകടം സംഭവിക്കാൻ പോകുന്നുവെന്നാണ് ഇവർ ലീലാമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.

10 ന് രാവിലെ 9.30 നാണ് സംഭവം. ലീലാമ്മയും ഭർത്താവ് തങ്കച്ചനും (80) താമസിക്കുന്ന വീട്ടിലെത്തിയ സ്ത്രീ അവിടുത്തെ അവസ്ഥകളും പഴയ കാര്യങ്ങളും പറഞ്ഞു ഇവരെ വീഴ്ത്തുകയായിരുന്നു. തങ്ങളുടെ കാര്യങ്ങൾ കൃത്യമായ പറയുന്നത് കേട്ട് ഇവർ അത്ഭുതപ്പെട്ടു. ദമ്പതികളുടെ മൂന്ന് പെണ്മക്കൾ കുടുംബമായി വേറെ താമസിക്കുകയാണ്. തങ്കച്ചനും തങ്ങളുടെ മരുമക്കൾക്കും ആപത്ത് സംഭവിക്കാൻ പോകുന്നു എന്നും പ്രാർത്ഥനയും വഴിപാടുകളും നടത്തണമെന്നും പറഞ്ഞ് ഇരുവരെയും ഭയപ്പെടുത്തി. അപകടം ഒഴിവാകണമെങ്കിൽ 51 പേർക്ക് ഊണ് കൊടുക്കണമെന്നു പറഞ്ഞു 5000 രൂപ ആദ്യം കൈക്കലാക്കി.

പൈസ ഇല്ലെന്ന് ലീലാമ്മ അറിയിച്ചപ്പോൾ കൊന്ത ഉയർത്തി പ്രാർത്ഥിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറി സെറ്റിയിലിരുന്നു. പണം തൊട്ടപ്പുറത്തെ മുറിയിലെ അലമാരയിൽ ഉണ്ടെന്ന് പറഞ്ഞു. മാതാവിന്റെ അത്ഭുതസിദ്ധിയിൽ വീണുപോയ വീട്ടമ്മ 5000 രൂപ അവിടെ നിന്നും എടുത്തു കൊണ്ടു കൊടുത്തു. ഈ തുക കൊണ്ട് മാത്രം ആപത്ത് മാറില്ല എന്ന് പറഞ്ഞ തുളസി കൊന്തമാല ഉയർത്തി സ്വന്തം നെഞ്ചത്തടിക്കാനും വയോധികയെ നോക്കി പ്രാർത്ഥിക്കാനും തുടങ്ങി.

തുടർന്ന്, സ്വർണാഭരണം ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ ലീലാമ്മ കൈയ്യിലെ ഒന്നേകാൽ പവൻ വരുന്ന സ്വർണ വളയും അരപ്പവൻ വീതം വരുന്ന മൂന്ന് മോതിരങ്ങളും രണ്ടു ഗ്രാം സ്വർണ നാണയവും ഉൾപ്പെടെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ പ്രതിക്ക് കൈമാറുകയായിരുന്നു. പ്രാർത്ഥിച്ച ശേഷം തിങ്കളാഴ്ച തിരികെ നൽകാമെന്ന് പറഞ്ഞ് ഇവർ സ്ഥലം വിടുകയും ചെയ്തു. വരുമ്പോൾ തനിക്ക് ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. ഇവർ പോയിക്കഴിഞ്ഞാണ് കബളിപ്പിക്കപ്പെട്ട വിവരം ലീലാമ്മ തിരിച്ചറിയുന്നത്. ഇവർ പരാതിയുമായി ഏനാത്ത് പോലീസിൽ എത്തി. ഇൻസ്‌പെക്ടർ എ. അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സ്ത്രീ വന്ന് പോയതിനു ശേഷം മയക്കത്തിലായെന്നും ബോധം വന്നപ്പോൾ പോലീസിനെ അറിയിക്കുകയായിരുന്നെന്നും ലീലാമ്മപറഞ്ഞു. പ്രതിയെ വീട്ടിൽ നിന്നും മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു. വയോധികയ്ക്ക് ആകെ 2,15,000 രൂപയുടെ നഷ്ടമുണ്ടായി.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനക്ക് ശേഷം പോലിസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ പിങ്ക് പെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.എസ്.ഐ റഷീദ, എസ്.സി.പി.ഓ ജലജ എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിതാ സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരുടെ കൈയിൽ നിന്നും സ്വർണം പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ്.ഐ ആർ. ശ്രീകുമാർ, എസ്.സി.പി.ഓമാരായ കലേഷ്, സുനിൽ, സി.പി.ഓ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *