നിർമാണത്തിലിരുന്ന വീട്ടിൽക്കയറി ഇലക്ട്രിക് പ്ലംബിങ് സാധനങ്ങൾ മോഷ്ടിച്ചു: കുമാരക്കാരായ ആറു പേർ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: വലഞ്ചുഴി കാവ് ജങ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക്, പ്ലംബിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാർ ഉൾപ്പെടെ ആറു പേരെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ (20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18), മൂന്നു പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് പിടിയിലായത്.
കുമ്പഴ പുതുപ്പറമ്പിൽ അവിജിത്ത് ജെ. പിള്ളയുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ഒന്നിനും പത്തിനുമിടയിൽ സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്.

ഫ്രിഡ്ജ്,മൈക്രോവേവ് ഓവൻ, 3 എ.സി, വാക്വം ക്ലീനർ, പ്രഷർ വാട്ടർ പമ്പ് എന്നിവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, അതിന്റെയെല്ലാം ചെമ്പു കമ്പികൾ എടുക്കുകയും അടുക്കള ഉപകരണങ്ങൾ, വാക്വം ക്ലീനർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഒമ്പതിന് രാവിലെ സുഹൃത്ത് പറഞ്ഞപ്പോഴാണ് അവിജിത്ത് വിവരം അറിയുന്നത്. 70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയിൽ മൂന്നുനില കെട്ടിടം 10 വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലാണ്. മുറിക്കുള്ളിൽ പെയിന്റ് വാരി തേച്ചും ചിത്രങ്ങൾ വരച്ചും വികൃതമാക്കിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ്, ഫോറെൻസിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

എസ്.ഐ ഷിജു പി. സാം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണം എസ്.ഐ കെ.ആർ രാജേഷ് കുമാർ ഏറ്റെടുത്തു. വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് പ്രതികൾ മോഷ്ടിച്ചു.ഇതിൽ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഒന്നാം പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികൾക്കൊപ്പമാണെന്ന് സമ്മതിച്ചു. തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.

മറ്റു പ്രതികൾക്കായി നടത്തിയ തെരച്ചിലിൽ വലഞ്ചുഴിയിൽ നിന്നും ഉടനടി പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവരും കുറ്റം സമ്മതിച്ചു. പിന്നീട് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം ഗ്രില്ല് കണ്ടെടുത്തു. മോഷ്ടിച്ച ചെമ്പു കമ്പികൾ കണ്ടെത്തിയത് മൂന്നാം പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്നാണ്. 17 കാരായ മൂന്നുപേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കുറ്റങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റിപ്പോർട്ട് സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.പിന്നീട് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് ഇന്നലെ രാത്രിയോടെ മാറ്റി. ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് ഇൻസ്‌പെക്ടർ കെ. സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, എ എസ് ഐ ബീന, എസ് സി പി ഓമാരായ രാജിവ് കൃഷ്ണൻ, അയൂബ് ഖാൻ, അൽ സാം, രാജേഷ്, സി പി ഓമാരായ അനീഷ്, സുമൻ, അഭിലാൽ എന്നിവരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *