കോന്നി – കുറഞ്ഞ ചിലവിൽ ആധുനിക നിലവാരത്തിലുള്ള ചികിത്സ നൽകുന്നതിന് ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്കാട്രി, ഒഫ്താൽമോളജി വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.
ഫുൾ ഓട്ടോമാറ്റിക്ക് ഹെമറ്റോളജി, സെമി ഓട്ടോമാറ്റിക്ക് യൂറിൻ അനലൈസർ, മൈക്രോസ്കോപ്പ്, ഇൻ കുബേറ്റർ, ഹോട്ട് എയർ ഓവൻ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് ലബോറട്ടറി. ജില്ലയിലെ ആദ്യ അത്യാധുനിക 128 സ്ലൈസ് സി.ടി സ്കാനും ഇവിടെയുണ്ട്.
റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ സി.ടി, അൾട്രാസൗണ്ട്, എക്സ്റേ സൗകര്യവും അവശ്യമരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമാക്കി അത്യാധുനിക ഫാർമസിയും ബ്ലഡ് ബാങ്കും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പ് സേവനവും സജ്ജം.
ആശുപത്രി വികനത്തിന്റെ ആദ്യ ഘട്ടത്തിൽ 167.33 കോടി രൂപ വിനിയോഗിച്ച് 300 കിടക്കകളുള്ള ആശുപത്രി- അക്കാദമിക് ബ്ലോക്ക് നിർമിച്ചു. അത്യാഹിതം, ഒ.പി, ഐ.പി വിഭാഗങ്ങളുടെ പ്രവർത്തനം ആരംഭിച്ചത് ചികിത്സയ്ക്കായി മറ്റു ജില്ലകളെ ആശ്രയിച്ചിരുന്ന മലയോര മേഖലയിലെ ജനങ്ങൾക്ക് ഉപകാരമായി.

കിഫ്ബി വഴി രണ്ടാംഘട്ട പ്രവർത്തനത്തിന് അനുവദിച്ച 351.72 കോടി രൂപയുടെ പ്രവർത്തനം പുരോഗമിക്കുന്നു. ആശുപത്രിക്കും കോളജിനും അഡ്മിനിസ്ട്രേഷനുമായി പുതിയ ബ്ലോക്ക്, വിദ്യാർഥികൾക്ക് ഹോസ്റ്റൽ, അപ്പാർട്ട്മെന്റുകൾ, ഡീൻസ് വില്ല, ഓഡിറ്റോറിയം, മോർച്ചറി, ലോൺട്രി തുടങ്ങിയവയുടെ നിർമാണമാണ് രണ്ടാം ഘട്ടത്തിലുൾപ്പെടുന്നത്.
ഫോറൻസിക് വിഭാഗത്തിന്റെ ഭാഗമായ മോർച്ചറി ബ്ലോക്കിൽ മജിസ്റ്റീരിയൽ, പൊലീസ് ഇൻക്വസ്റ്റ് റൂമുകൾ, മൃതദേഹം സൂക്ഷിക്കാൻ 10 കോൾഡ് ചേമ്പർ, പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നാലു ഓട്ടോപ്സി ടേബിൾ, മെഡിക്കൽ ഓഫീസർ റൂം, സ്റ്റാഫ് റൂം, റിസപ്ഷൻ എന്നിവയും സജ്ജമാക്കി.
20 കിടക്കകളുള്ള ഐസിയു, ഏഴ് വെന്റിലേറ്റർ ബെഡുകൾ, ലക്ഷ്യ നിലവാരത്തിൽ മൂന്നര കോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഓപ്പറേഷൻ തീയറ്റർ, ലേബർ റൂം, വാർഡുകൾ എന്നിവയും പൂർത്തിയായി. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേർന്ന ഏഴുനില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
സമഗ്ര വികസനം മുൻനിർത്തിയുള്ള പ്രവർത്തനമാണ് ആരോഗ്യ മേഖലയിലേത്. സാന്ത്വന പരിചരണത്തോടൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കും മുതൽക്കുട്ടാണ് കോന്നി മെഡിക്കൽ കോളജ്.ജില്ലയിലെ ആദ്യ സർക്കാർ മെഡിക്കൽ കോളജായ ഇവിടെ എംബിബിഎസ് പഠനത്തിനെത്തിയിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300 ഓളോം വിദ്യാർഥികളാണ്.


