പത്തനംതിട്ട- നഗരസഭ ഉറവിടമാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഫുഡ്സ്‌കേപ്പിംഗ് പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്ഘാടനം ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിൽ നഗരസഭ അധ്യക്ഷൻ റ്റി സക്കീർ ഹുസൈൻ നിർവഹിച്ചു. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി.
ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറിയാണ് ലക്ഷ്യം. എന്റെ കേരളം പ്രദർശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷണശാലയിലെ ജൈവ മാലിന്യം ശേഖരിച്ച് തയാറാക്കിയ വളം കൃഷിക്ക് ഉപയോഗിക്കും. ഹരിത കർമസേന പരിപാലനം ഉറപ്പു വരുത്തും. നഗരസഭ ഫാർമേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിതോട്ടം ആരംഭിക്കുന്നത്.

നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ജെറി അലക്‌സ്, അംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, നഗരസഭ ഫാർമേഴ്സ് ക്ലബ് സെക്രട്ടറി ചന്ദ്രനാഥൻ, ഹരിത കേരളം ജില്ലാ കോർഡിനേറ്റർ അനിൽകുമാർ, കൃഷി ഓഫീസർ ഷിബി എന്നിവർ പങ്കെടുത്തു.


