ആറന്മുള – ക്ഷേത്രത്തിൻ്റെ കൊടിമരത്തിന് മുന്നിൽ ആനക്കൊട്ടിലിൽ സ്ഥാപിച്ച നിലവിളക്കിലേക്ക് അഗ്നി പകർന്നുകൊണ്ട് മന്ത്രി കെ ബി ഗണേഷ് കുമാർ ഈ വർഷത്തെ വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ ബി സാംബദേവൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നിലവിളക്കിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് മന്ത്രി വീണാ ജോർജ്, ആൻ്റോ ആൻ്റണി എം പി, പ്രമോദ് നാരായണൻ എം എൽ എ , തിരുവിതാംകൂർ രാജ കുടുംബാംഗം അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ എന്നിവർ ചേർന്ന് ഭഗവാനെ സങ്കൽപ്പിച്ച് വള്ളസദ്യയുടെ വിഭവങ്ങൾ വിളമ്പിയതോടെ 80 നാൾ നീണ്ട് നിൽക്കുന്ന വള്ളസദ്യാ കാലത്തിന് തുടക്കമായി. ആദ്യ ദിവസം 7 പള്ളിയോടങ്ങളാണ് വള്ളസദ്യയിൽ പങ്കെടുത്തത്. ക്ഷേത്രക്കടവിൽ എത്തിയ പള്ളിയോട കരക്കാരെ വഴിപാടുകാർ ദക്ഷിണ നൽകി സ്വീകരിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കൊടിമരച്ചുവട്ടിലേക്കാനയിച്ചു. തുടർന്ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിച്ച ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലുകളിലെത്തിച്ച് വിഭവ സമൃദ്ധമായ സദ്യ നൽകും. തുടർന്ന് ക്ഷേത്രക്കടവിൽ യാത്ര അയക്കുന്നതോടെയാണ് വള്ളസദ്യ ചടങ്ങുകൾ പൂർത്തിയാകുന്നത്.


ലോകത്ത് തന്നെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവുമധികം കാലം നീണ്ടുനിൽക്കുന്നതുമായ നദീ ഉത്സവം എന്ന നിലയിൽ ആറൻ മ്മുള വള്ളസദ്യകൾ റിക്കാഡ് ബുക്കുകളിലും ഇടം നേടിയിട്ടുണ്ട്. ഏറ്റവുമധികം സസ്യ ഭക്ഷണം വിളമ്പുന്ന സസ്യാഹാര മേള എന്ന നിലയിലും വള്ളസദ്യകൾ അറിയപ്പെടുന്നുണ്ട്. കരക്കാർ വള്ളപ്പാട്ട് പാടി ചോതിക്കുന്ന വിഭവങ്ങൾ അടക്കം 64 വിഭവങ്ങളാണ് വള്ളസദ്യകളിൽ വിളമ്പുന്നത്.


