പത്തനംതിട്ട: അകാരണമായി പിരിച്ചു വിട്ട പുല്ലാട് സർവ്വീസ് സഹകരണ ബാങ്കിലെ സെയിൽസ്മാനെ രണ്ടാഴ്ചയ്ക്കകം തിരിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ വഴി പുല്ലാട് സഹകരണ സംഘത്തിന് നൽകിയ നിർദ്ദേശം രണ്ടാഴ്ചയ്ക്കകം നടപ്പാക്കി അറിയിക്കണമെന്നാണ് ഉത്തരവ്.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം അറിയിക്കാൻ ഫബ്രുവരി 15 ന് കമ്മീഷൻ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് (ജനറൽ) നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ വിദേശത്തായതിനാൽ നിർദ്ദേശം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മാർച്ച് 29 ന് നടന്ന സിറ്റിങിൽ അസിസ്റ്റന്റ് രജിസ്ട്രാർ കമ്മിഷനെ അറിയിച്ചു.
പുല്ലാട് ഐക്കര വീട്ടിൽ സതീഷ് ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2019 ഓഗസ്റ്റ് 13 നാണ് പരാതിക്കാരനെ സസ്പെൻഡ് ചെയ്തതെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കമ്മീഷനെ അറിയിച്ചു. സംഘം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ജീവനക്കാരന് ആനുകൂല്യങ്ങൾ നൽകാൻ നിവൃത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തന്നെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട ശേഷവും ദിവസക്കൂലി അടിസ്ഥാനത്തിൽ ജീവനക്കാരനെ നിയമിച്ചതായി പരാതിക്കാരൻ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പരാതിക്കാരനെ പിരിച്ചുവിട്ടതെന്ന് കമ്മിഷൻ കണ്ടെത്തി.


