പത്തനംതിട്ട: പൗരസമിതി പ്രസിഡന്റ് അഴൂർ മനാഴിക്കീഴേതിൽ പി രാമചന്ദ്രൻ നായർ (86) നിര്യാതനായി. വൈഎംസിഎ ഹാളിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ: ഇന്ദു ജയകുമാർ, അഡ്വ. റോഷൻ നായർ (പത്തനംതിട്ട നഗരസഭ കൗൺസിലർ), രാജേഷ് നായർ. മരുമക്കൾ: ജയകുമാർ, തനുശ്രീ, സ്‌നേഹലത.
പത്തനംതിട്ടയുടെ ജനകീയ മുഖമാണ് രാമചന്ദ്രൻ നായരുടെ മരണത്തോടെ നഷ്ടമാകുന്നത്. ജില്ലാ ആസ്ഥാനത്തിന്റെയും നഗരസഭയുടെ വികസനത്തിന് വേണ്ടി എക്കാലവും നില കൊണ്ടയാളായിരുന്നു അദ്ദേഹം. വർഷങ്ങളായി പത്തനംതിട്ട പൗരസമിതിയുടെ പ്രസിഡന്റായിരുന്നു. ടൗൺഹാളിൽ നടന്ന ലഹരിക്കെതിരേ പ്രൗഡ് കേരളയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹം പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞു വീണത്. ലഹരിക്കെതിരേ രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വാക്ക് എഗൻസ്റ്റ് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ രാമചന്ദ്രൻ നായർ പ്രസംഗിക്കുകയും ചെയ്തിരുന്നു.
സമൂഹത്തിന് വേണ്ടിയുള്ള ഈ പരിപാടിക്ക് പൗരസമിതിയുടെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. സഹോദരൻ പി. മോഹൻരാജും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിന് ശേഷം തിരികെ മടങ്ങുമ്പോൾ പോലീസ് സ്‌റ്റേഷന് സമീപം വച്ച് കുഴഞ്ഞു വീണു. ഉടൻ തന്നെ പോലീസ് വാഹനത്തിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പത്തനംതിട്ടയുടെ വികസനത്തിന് വേണ്ടി മാറ്റി വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അനുജൻ പി. മോഹൻരാജ് പത്തനംതിട്ട നഗരസഭ ചെയർമാനായിരിക്കുമ്പോഴും വികസനത്തിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം തുടർന്നു. മകൻ റോഷൻ നായർ നിലവിൽ നഗരസഭ കൗൺസിലർ ആണ്.
വികസനത്തിന് തടസമാകുന്ന എന്തിനുമെതിരേ പ്രതികരിച്ചിട്ടുള്ളയാണ് പി. രാമചന്ദ്രൻ നായർ. അദ്ദേഹം പ്രസിഡന്റായ പൗരസമിതി എല്ലാ ജനകീയ വിഷയങ്ങളിലും ഇടപെട്ടു. പ്രായമേറിയിട്ടും അദ്ദേഹത്തിന്റെ ഊർജസ്വലതയ്ക്ക് കുറവുണ്ടായിരുന്നില്ല. പ്രസ്താവനയുമായി പത്രം ഓഫീസുകൾ നടന്നാണ് അദ്ദേഹം കയറിയിരുന്നത്. അദ്ദേഹത്തിന്റെ വേർപാടോടെ പത്തനംതിട്ടയുടെ ഒരു മുഖം തന്നെയാണ് നഷ്ടമാകുന്നത്.

ചിത്രം: രാമചന്ദ്രൻ നായർ വൈ.എം.സി.എ ഹാളിൽ നടന്ന വാക്ക് എഗൻസ്റ്റ് ഡ്രഗ്‌സ് എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നു.


