തിരുവനന്തപുരം – അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ അതി തീവ്രമഴയാണ് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലും വ്യാപകമായി മഴ പെയ്യുകയാണ്. പലയിടത്തും ശക്തമായ കാറ്റിൽ മരങ്ങൾ പൊട്ടിവീണു. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നുണ്ട്. ഇത് വിവിധജില്ലകളിൽ വൈദ്യുതിതടസ്സത്തിനും ഗതാഗതതടസ്സത്തിനും കാരണമായി. റെയിൽവെ ട്രാക്കുകളിൽ മരച്ചില്ലകൾ വീണത് മിക്ക ട്രെയിനുകളും വൈകിയോടുന്നതിനുകാരണമായി. എറണാകുളം ജില്ലയിൽ മഴ അൽപം ശമിച്ച സാഹചര്യമാണുള്ളത്. മൂന്നുദിവസമായി തുടരുന്ന മഴയിൽ 51 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. മുനമ്പം, ചെല്ലാനം, കണ്ണമാലി തുടങ്ങിയ കടലോരമേഖലയിൽ കടൽക്കയറ്റം രൂക്ഷമായിരിക്കുകയാണ്. 360 ഓളം ദുരിതാശ്വാസക്യാമ്പുകൾ ജില്ലയിൽ നിലവിൽ പ്രവർത്തിക്കുന്നു.

ഇടുക്കിയിൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയാണ്. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒന്നരമീറ്റർ ഉയർത്തി. പെരിയാറിന്റെ തീരത്തും തൊടുപുഴയാറിന്റെ തീരത്തും മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കാണമെന്ന് നിർദേശമുണ്ട്. മലങ്കരഡാമിന്റെ ഒരു ഷട്ടറിന് തകരാറുള്ളതായും അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ജില്ലയിലും ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്യുന്നത്.വരുംദിവസങ്ങളിലും വ്യാപകമഴയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും റെഡ് അലർട്ട് തുടരുകയാണ്. കാസർകോട് ജില്ലയിലും കനത്ത മഴയായതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ ജില്ലയിൽ സ്വീകരിക്കണമെന്നാണ് നിർദേശം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കാമെന്നാണ് പ്രവചനം.


