പത്തനംതിട്ട: തട്ടിപ്പുകളുടെ കേന്ദ്രമായ സർവ്വീസ് സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞു വന്ന സഹകരണസംഘം സെക്രട്ടറിയെ തിടുക്കപ്പെട്ടു തിരിച്ചെടുത്ത് താൽക്കാലിക അഡ്മിനിസ്‌ട്രേറ്റർ. നിക്ഷേപകരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി അഡ്മിസ്ട്രെറ്ററുടെ തിരിച്ചെടുത്ത നടപടി അങ്ങ് റദ്ദാക്കി. റാന്നി ഇടമൺ ചേത്തയ്ക്കൽ സർവീസ് സഹകരണ ബാങ്കിലാണ് വിചിത്രമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. മുൻ സെക്രട്ടറി ഏബ്രഹാം ജേക്കബിനെയാണ് താൽക്കാലിക അഡ്മിനിസ്‌ട്രേറ്റർ അതേ പദവിയിൽ നിയമിച്ചത്. ഈ നടപടിയാണ് ജസ്റ്റിസ് ഡി.കെ. സിങ് റദ്ദാക്കി വിധി പ്രഖ്യാപിച്ചത്. ഇയാളെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കാൻ കോടതി നിർദ്ദേശിച്ചു. സഹകരണ സംഘത്തിലെ നിക്ഷേപരായ പി.എസ്. അനു, ശോഭന പ്രകാശ് എന്നിവർ അഡ്വ. വി. സേതുനാഥ്, വി.ആർ. മനോരഞ്ജൻ എന്നിവർ മുഖേനെ നൽകിയ ഹർജി അനുവദിച്ചു കൊണ്ടാണ് ഉത്തരവ്.
2.50 കോടി രൂപയുടെ ക്രമക്കേടാണ് ചേത്തയ്ക്കൽ സർവീസ് സഹകരണ സംഘത്തിൽ നടന്നത്. സെക്രട്ടറിയെയും പ്രസിഡന്റ് അടക്കം ഭരണ സമിതിയെയും പ്രതികളാക്കി 10 ക്രിമിനൽ കേസുകൾ വെച്ചൂച്ചിറ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. മുഴുവൻ പ്രതികളും മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തളളി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തിയ വകുപ്പ് 65 തല അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തു വന്നത്. ഇതിന്റെ ആഴം മനസിലാക്കിയ ഹൈക്കോടതി 83 വയസുള്ള വൈസ് പ്രസിഡന്റിന്റെ ഒഴികെ എല്ലാ പ്രതികളുടെയും മുൻകൂർ ജാമ്യഹർജി തള്ളുകയായിരുന്നു. പ്രായാധിക്യമാണ് വൈസ് പ്രസിഡന്റിനെ ഒഴിവാക്കാൻ കാരണമായത്. സെക്രട്ടറി അടക്കം ജയിൽ വാസം അനുഭവിച്ചു. ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി. തുടർന്നാണ് സകലരെയും ഞെട്ടിച്ചു കൊണ്ട് ക്രമക്കേട് നടത്തിയതിന് അറസ്റ്റിലായ സെക്രട്ടറിയെ തിരിച്ചെടുത്തത്. ഇതാണ് നിക്ഷേപകരായ രണ്ടു പേർ കോടതിയിൽ ചോദ്യം ചെയ്തത്.
ചേത്തയ്ക്കൽ ബാങ്കിനെതിരേ ഉയർന്ന പരാതി അട്ടിമറിക്കാൻ സഹകരണ സംഘം ഉദ്യോഗസ്ഥരിൽ നിന്നു ശ്രമമുണ്ടായി. കിട്ടിയ പരാതിക്ക് മുകളിൽ ആറു മാസത്തോളം സഹകരണ വകുപ്പ് അടയിരുന്നു. ഇതിനിടെ കണക്കുകളിൽ കൃത്രിമത്വം വരുത്താനും വ്യാജരേഖകൾ നിർമിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞു. ഇത് കോടതിയുടെ നിശിത വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതിക്കാരനായ സെക്രട്ടറിയെ തിരികെ നിയമിച്ചത്.
കോടികളുടെ ക്രമക്കേട് നടത്തിയെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയ ഒരാളെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കാൻ താൽക്കാലിക അഡ്മിനിസ്‌ട്രേറ്റർക്ക് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അയാൾ നിക്ഷേപകരുടെ പണം ക്രമക്കേട് നടത്തിയ ആളാണ്. അതിന്റെ പേരിൽ ജയിലിലും കിടക്കേണ്ടി വന്നു. വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരാളെ വീണ്ടും ബാങ്കിന്റെ ഫണ്ട് കൈകാര്യം ചെയ്യാൻ അനുവദിക്കാൻ കഴിയില്ല. ബാങ്കിങ് രാജ്യ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. തങ്ങളുടെ ഇടപാടുകാരുടെ വിശ്വസ്തരായി വേണം ബാങ്ക് ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ. അവർ അതിൽ വീഴ്ച വരുത്തിയാൽ അവരെ ഏൽപ്പിച്ചിരിക്കുന്ന പൊതുജനങ്ങളോടുള്ള കടമകളും കർത്തവ്യങ്ങളും ഇല്ലാതാവുകയാണ് അതു കൊണ്ട് തന്നെ നിക്ഷേപകരുടെ ഹർജി നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പു നടത്തിയ ഒരാളെ വീണ്ടും ആ ജോലിയിലേക്ക് തിരികെ എടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ കോടതി ഇയാളെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുവെന്നും പ്രസ്താവിച്ചു.


