പത്തനംതിട്ട – കുറച്ചുനാൾ മുമ്പ് ഈ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഈ ശിൽപ്പത്തെക്കുറിച്ചു ഞാൻ ചോദിച്ചിരുന്നു. മെഴുവേലി എന്ന ദേശത്തിനു പുറത്തേക്ക് ഈ ശിൽപ്പത്തെക്കുറിച്ചു ആർക്കും അറിയില്ല. അതിനാൽ എന്റെ കേട്ടറിവിലും അന്വേഷണത്തിലും മനസിലായത് കുറിക്കുന്നു. ഏതാണ്ട് 40 വർഷത്തോളം മുമ്പ് 1980 കളിൽ ആണ് ഈ ശിൽപ്പം നിർമ്മിക്കപ്പെട്ടത്. ചെങ്ങന്നൂർ സ്വദേശികളായ ഗോപാലകൃഷ്ണൻ, മകൻ രാധാകൃഷ്ണൻ എന്നിവരെ മെഴുവേലിയിലെ ആദ്യകാല നാടക അഭിനേതാവും, മേക്കപ്പ്, കർട്ടൻ തുടങ്ങി കലാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന മൂലൂർ സ്മാരക ചന്ദനക്കുന്ന് യുപി സ്‌കൂളിൽ എന്റെ അദ്ധ്യാപകൻ കൂടിയായിരുന്ന പരേതനായ ശ്രീ. ധർമ്മാംഗദൻ സാറാണ് നൃത്തം കുട്ടികളെ അഭ്യസിപ്പിക്കാൻ മെഴുവേലിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ശില്പകലയിലും വിദഗ്ധരായിരുന്ന ഇവരെക്കൊണ്ട് തോലയിലെ ഉത്സവത്തിന് നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം കെട്ടുകാഴ്ചക്ക് അവതരിപ്പിക്കാനായി ഒരു അയ്യപ്പൻറെ ശിൽപ്പം ഉണ്ടാക്കിച്ചു. പക്ഷെ ആദ്യം ഉണ്ടാക്കിയത് വൈക്കോൽ പുതപ്പിച്ചുകൊണ്ടുള്ളതായിരുന്നു. അത് നശിച്ചുപോയപ്പോഴാണ് ധർമ്മാംഗദൻ സാറും ഭാരവാഹിയായിരുന്ന MPAC ക്ലബ്ബ് മുൻകൈ എടുത്ത് രാധാകൃഷ്ണനെ കൊണ്ട് ഈ അയ്യപ്പ ശിൽപ്പം നിർമ്മിച്ചത്. അന്നത്തെ ഉത്സവങ്ങളിൽ ഈ അയ്യപ്പശില്പം ഒരുപാട് ജനങ്ങളെ ആകർഷിച്ചിരുന്നു. ഈ ശിൽപ്പം എഴുന്നെള്ളിക്കുമ്പോൾ കാണിക്കയായി പണം ഭക്തിയോടെ സമർപ്പിച്ചു കൈകൂപ്പുന്ന ഭക്തരെ അന്നൊക്കെ കെട്ടുകാഴ്ചയിൽ കണ്ടിരുന്നു. അത്രമാത്രം ആകർഷണീയത ഈ ശിൽപ്പത്തിന് ഉണ്ടായിരുന്നു. പിന്നീട് പലപ്രാവശ്യം ഇത് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കാലം മാറിയപ്പോൾ അസുരൻ വാദ്യങ്ങൾ അടങ്ങിയ വലിയ ബഹളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളുന്ന ഭീമാകാര കെട്ടുരുപ്പടികൾക്കായി ആകർഷണീയത. എങ്കിലും ഇന്നും കുറച്ചുപേരെങ്കിലും ഈ അയ്യപ്പ ശിൽപ്പം എഴുന്നെള്ളിക്കുമ്പോൾ ഭക്തിയോടെ ദർശിക്കുന്നത് കാണാനാകുന്നത് നാടിന്റെ പുണ്യം തന്നെ. സ്വാമിശരണം .



എന്റെ കേട്ടറിവിനേക്കാളും കൂടുതൽ അറിയാവുന്നവർ, കമന്റ് ചെയ്ത് അറിയിക്കണം എന്നഭ്യർത്ഥിക്കുന്നു.
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


