പന്തളം – വികസനത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് പഞ്ചായത്തുകൾ മാതൃകയാകണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാൽ നൂറ്റാണ്ടിന് മുൻപ് വികസനത്തിൽ പിന്നിലായിരുന്നു ഗ്രാമങ്ങൾ. ജനകീയ ആസൂത്രണം നിലവിൽവന്നതോടെ അധികാരവികേന്ദ്രീകരണം സാധ്യമായി. വാർഡ്-ഗ്രാമസഭകളിൽ തീരുമാനമെടുത്ത് വികസന പദ്ധതികൾ നടപ്പാക്കാനായി. പദ്ധതിആസൂത്രണത്തിൽ ജനപങ്കാളിത്തം വർദ്ധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിനോടൊപ്പം ജനങ്ങളുടെ ഐക്യം, ശാസ്ത്രബോധം, യുക്തിബോധം, മതേതരത്വനിലപാട് തുടങ്ങിയവ കൂടിച്ചേരുമ്പോഴാണ് യഥാർത്ഥ വികസനം ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാനാകണം. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് നടത്തിയ വികസന- ക്ഷേമപ്രവർത്തന മികവിന്റെ അംഗീകാരമായാണ് സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടാനായത് എന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രപതിയുടെ ജീവൻരക്ഷാപതക് ലഭിച്ച ദിയാ ഫാത്തിമയെ മന്ത്രി അനുമോദിച്ചു.
വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒരുപോലെ പങ്കാളികളാകണമെന്ന് അധ്യക്ഷനായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ വി. പി. വിദ്യാധരപ്പണിക്കർ, എൻ. കെ. ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, വാർഡ് അംഗങ്ങളായ എ. കെ. സുരേഷ്, ബി. ശരത് കുമാർ, സി. എസ്. ശ്രീകല, അംബിക ദേവരാജൻ, ബി. പ്രസാദ് കുമാർ, വി. പി. ജയദേവി, കെ. ആർ. രഞ്ജിത്ത്, ശ്രീവിദ്യ, പൊന്നമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.


