അയിരൂർ: ഈ വർഷത്തെ നൂറ്റിപ്പതിമൂന്നാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 2 മുതൽ 9 വരെ അയിരൂർ ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ നഗറിൽ നടക്കുകയാണ്. അതിനു മുന്നോടിയായി മതപരിഷത്ത് സമ്മേളന വേദിയിലെ കെടാവിളക്കിൽ കൊളുത്തുന്നതിനായുള്ള ദീപവുമായി കൊല്ലം പന്മന ആശ്രമത്തിൽനിന്നും പുറപ്പെടുന്ന ജ്യോതി പ്രയാണ ഘോഷയാത്രയ്ക്ക് ജനുവരി 30 വ്യാഴ്ച തുടക്കം കുറിയ്ക്കും. അന്ന് രാവിലെ കൊല്ലം പന്മന ആശ്രമത്തിലെ ബാലഭട്ടാരകേശ്വരം ക്ഷേത്രസന്നിധിയിലെ കെടാവിളക്കിൽനിന്നും ആശ്രമ മഠാധിപതി കൃഷ്ണമയാനന്ദ തീർഥപാദസ്വാമികൾ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർക്ക് ദീപം പകർന്ന് നൽകി ജ്യോതി പ്രയാണത്തിന് തുടക്കം കുറിക്കും. അദ്ദേഹത്തിൽ നിന്ന് ജ്യോതിപ്രയാണ ഘോഷയാത്രയുടെ ജനറൽ കൺവീനർ ശ്രീ. പിആർ ഷാജി ജ്യോതി പ്രയാണ രഥത്തിലേക്ക് ഏറ്റുവാങ്ങി പ്രയാണമാരംഭിക്കും.

പന്മന ആശ്രമത്തിൽനിന്നും ജനുവരി 30 നു പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ക്ഷേത്രക്കമ്മറ്റികളും, ആശ്രമങ്ങളും, സാമുദായിക സംഘടനകളും ആദ്ധ്യാത്മിക സാംസ്കാരിക സംഘടനകളും നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി അയിരൂർ ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും. ജ്യോതിപ്രയാണ ഘോഷയാത്രയും, എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽനിന്നുളള ഛായാചിത്ര ഘോഷയാത്രയും, അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്നുള്ള പതാക ഘോഷയാത്രയും സംയോജിക്കും. ഹിന്ദുമത പരിഷത്ത് ഭാരവാഹികൾ മൂന്ന് ഘോഷയാത്രകളേയും കൺവെൻഷൻ നഗറിലേക്ക് ആനയിക്കും. പതാക ഉയർത്തി കെടാവിളക്കിലേക്ക് ജ്യോതി പകർന്ന് ചട്ടമ്പി സ്വാമിയുടെ ഛായചിത്രവും വേദിയിൽ സ്ഥാപിക്കും.



