ചെങ്ങന്നൂര്‍ – ആസാമിൽ നിന്ന് കാണാതായ ചെങ്ങന്നൂർ സ്വദേശി സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ഗുവാഹട്ടിയിലെ പള്‍ട്ടന്‍ ബസാര്‍ പോലീസ് കണ്ടെത്തി. അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ സോനു കൃഷ്ണ (35) യെയാണ് പള്‍ട്ടന്‍ ബസാര്‍ പോലീസ് കണ്ടെത്തിയത്. ഇന്ന് രാത്രി 7.37ന് ഇത് സംബന്ധിച്ച വിവരം സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ ചെങ്ങന്നൂര്‍ പോലീസിനെ അറിയിച്ചു. ഗുവാഹട്ടിയിലുള്ള സോനു ചെങ്ങന്നൂരിലെ വീട്ടിലുള്ള ഭാര്യ ഗീതുനാഥുമായി ടെലഫോണില്‍ സംസാരിച്ചു. സോനു സുരക്ഷിതനാണെന്ന് പോലീസ് പറഞ്ഞു.
നാട്ടിലെത്തിയ സോനു അവധി കഴിഞ്ഞ് ജൂലൈ ഒന്നിനാണ് ആസാമിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനമാര്‍ഗ്ഗം പോയത്. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചിരുന്നു, 2ന് രാവിലെ 9 മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി 8 മണിയോടെ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യേണ്ട ഇയാളെ കുറിച്ച് വിവരമില്ലാതായതോടെ ഭാര്യ ഗീതുനാഥ് ഇന്നലെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി സംബന്ധിച്ച വിവരങ്ങള്‍ ചെങ്ങന്നൂര്‍ പോലീസ് സിആര്‍പിഎഫ് കേന്ദ്രങ്ങളെ അറിയിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അറിവായിട്ടില്ലെന്ന് എസ്‌ഐ അനിലാകുമാരി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

