പന്തളം: ബിജെപി വിരുദ്ധർ എന്ന ഓമനപ്പേരിൽ ഒന്നിച്ച യുഡിഎഫിനും എൽഡിഎഫിനും കനത്ത തിരിച്ചടിയായി നഗരസഭ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം. ബിജെപി വിമതരും ഏക സ്വതന്ത്രരുമടക്കം ചേരുമ്പോൾ എൽഡിഎഫിനും യുഡിഎഫിനും ചേർന്ന് ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാമെന്നായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലിൽ ബിജെപി വിമതർ അടക്കം അനുസരണയുള്ള കുഞ്ഞാടുകളായി കൂട്ടിൽ കയറി. ഏക സ്വതന്ത്രനെ കൂടി ഒരു ബോണസ് എന്ന പോലെ ബിജെപി ചാക്കിട്ടു പിടിച്ചതോടെ നാണക്കേടിന്റെ പടുകുഴിയിലേക്ക് എൽഡിഎഫും യുഡിഎഫും വീണു. കേരളാ കോൺഗ്രസിന്റെ ഏകഅംഗം വോട്ടു ചെയ്തില്ലെങ്കിലും തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തതും കോൺഗ്രസിന് നാണക്കേടായി. അമ്പേ തറ പറ്റിയ സിപിഎം ആകട്ടെ ഒരു പ്രസ്താവന പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലും.

ബി.ജെ.പി നഗരസഭ ഭരണത്തിലെത്താതിരിക്കാൻ കോൺഗ്രസ് ബി.ജെ.പി വിരുദ്ധരുമായി ധാരണയിൽ എത്തിയിരുന്നുവെന്നും എന്നാൽ, കേരളാ കോൺഗ്രസ് കൗൺസിലർ വഞ്ചിച്ചുവെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സഖറിയാ വർഗീസ്, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ, യചെയർമാൻ എ ഷാജഹാൻ, കൺവീനർ ജി. അനിൽകുമാർ, മണ്ഡലം പ്രസിഡന്റുമാരായ എസ്.ഷെരീഫ്, മനോജ് കുരമ്പാല, ഡി.സി.സി അംഗം പന്തളം മഹേഷ്, കൗൺസിലർമാരായ സുനിതാവേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു. ബിജെപി വിരുദ്ധ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് കോൺഗ്രസും കേരള കോൺഗ്രസും ജില്ലാ നേതൃത്വത്തിൽ നിന്നും വിപ്പ് നൽകിയിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തന്നെ ബി.ജെ.പി വിരുദ്ധർ ചെയർമാനായും വൈസ് ചെയർമാനായും അധികാരത്തിൽ എത്താൻ സഹായിക്കുന്ന നിലപാട് എടുക്കണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി കൂടി പങ്കെടുത്ത യു.ഡി.എഫ് നേതൃയോഗത്തിലും പാർലമെന്ററി പാർട്ടി യോഗത്തിലും തീരുമാനിച്ചിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വവും ഇതിന് അംഗീകാരം നൽകിയിരുന്നു. വർഗീയ പാർട്ടിയായ ബി.ജെ.പിയെ മുൻസിപ്പൽ ഭരണത്തിൽ നിന്നും ഒഴിവാക്കുക എന്ന നയത്തിനാണ് കോൺഗ്രസ് നിലപാടെടുത്തത്. മതേതര മുന്നണി എന്നുള്ള നിലയിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം വരെ ഈ നിലപാടിന്റെ ഭാഗമാണ്. എന്നാൽ പണാധിപത്യത്തിലൂടെ ബി.ജെ.പി വിരുദ്ധരെ അനുനയിപ്പിച്ച് അവർ മത്സരത്തിൽ നിന്ന് പിന്മാറിയതിനാൽ ആണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ നിലപാടെടുത്തത്.
പന്തളം നഗരസഭയിലെ എൽഡിഎഫ് സ്വതന്ത്ര കൗൺസിലറായിരുന്ന അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ ബിജെപിയിലും ചേർന്നു.
ബി.ജെ.പിയും സി.പി.എമ്മും രാഷ്ര്ടീയ നാടകം കളിച്ചത് കൊണ്ടാണ് വിരുദ്ധർ ബിജെപി പാളയത്തിൽ തിരിച്ചെത്തിയത് എന്നും കേരള കോൺഗ്രസ് കൗൺസിലർ പണാധിപത്യത്തിന് വഴങ്ങി യുഡിഎഫ് സംവിധാനത്തെ തന്നെ വഞ്ചിച്ചിരിക്കുകയാണെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സഖറിയ വർഗീസ് പറഞ്ഞു. വിരുദ്ധരെയും കേരള കോൺഗ്രസ് നേതാവിനെയും സ്വാധീനിക്കുന്നതിന് ബി.ജെ.പി സംസ്ഥാന നേതാക്കന്മാർ ഇവിടെ ആഴ്ചകളായി ക്യാമ്പ് ചെയ്ത് പണം ഒഴുക്കിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


