ശബരിമല: നൂറ്റിയൊന്ന് വയസൊന്നും പാറുക്കുട്ടിയമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമൊന്നുമില്ല. നൂറാം വയസിൽ കന്നിസ്വാമിനി ആയെങ്കിൽ 101-ാം വയസിൽ വീണ്ടും ശബരീശ ദർശനം നടത്താനായതിന്റെ സന്തോഷത്തിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ. ചെറുമകനും പേരക്കുട്ടികൾക്കും ഒപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ രണ്ടാം വട്ട മല ചവിട്ടൽ. കഴിഞ്ഞ മണ്ഡലകാലത്ത് നൂറാം വയസ് പിന്നിട്ട വേളയിലാണ് പാറുക്കുട്ടിയമ്മ കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്.
ആരോഗ്യ പ്രശ്‌നങ്ങൾ കാരണം പമ്പയിൽ നിന്നും ഡോളിയിൽ ആണ് ഇക്കുറി വലിയ നടപ്പന്തൽ വരെ എത്തിയത്. സന്നിധാനത്തെ അഭൂത പൂർവമായ തിരക്കിലും ദേവസ്വം ബോർഡ് ജീവനക്കാരും പോലീസും ചേർന്ന് പതിനെട്ടാംപടി കയറി അയ്യനെ ദർശിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാറുക്കുട്ടിയമ്മയ്ക്ക് ഒരുക്കി നൽകി. വയനാട് മൂന്നാനക്കുഴിയിലെ വീട്ടിൽ നിന്നും കെട്ടു നിറച്ചാണ് പാറുക്കുട്ടിയമ്മ എത്തിയത്. കൊച്ചുമകൻ ഗിരീഷ്‌കുമാർ, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവർക്കൊപ്പമായിരുന്നു ദർശനം. അയ്യപ്പ ദർശന ശേഷം തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവരെയും കണ്ട ശേഷമാണ് മലയിറങ്ങിയത്. ആരോഗ്യം അനുവദിച്ചാൽ ഇനിയും അയ്യനെ കാണാനെത്തണമെന്നാണ് ആഗ്രഹമെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു.
ശബരീശ ദർശനത്തിനായി 101-ാം വയസിലും ഇരുമുടിക്കെട്ടുമായി മല കയറി സന്നിധാനത്ത് എത്തിയ പാറുക്കുട്ടിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദരിച്ചു. പ്രസിഡന്റ് പി.എസ്.പ്രശാന്ത് പൊന്നാട അണിയിച്ചു. പതിനെട്ടാം പടിയിൽ പാറുക്കുട്ടിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസും ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.


