തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് എമ്മിലെ തമ്മലടി മൂർഛിക്കുന്നു. ജില്ലാ പ്രസിഡന്റിനും അനുയായികൾക്കുമെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സജി അലക്സ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് വിഭാഗീയത രൂക്ഷമായിരിക്കുന്നത്. ഇതിനിടെ പാർട്ടിക്കുള്ളിലും സജിക്കും കൂട്ടർക്കും തിരിച്ചടി നേരിടുന്നുണ്ട്.
മുൻ ജില്ലാ പ്രസിഡന്റുമാരായിരുന്ന എൻ.എം.രാജു, ചെറിയാൻ പോളച്ചിറയ്ക്ക്ൽ എന്നിവരെ അനുകൂലിക്കുന്ന വിഭാഗമാണ് സജിക്കെതിരേ രംഗത്തുള്ളത്. ജില്ലയുടെ ചുമതലയുള്ള ജോബ് മൈക്കിൾ എംഎൽഎയാണ് സജിക്ക് ശക്തി പകരുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചെറിയാൻ പോളച്ചിറയ്ക്കലിനെ മാറ്റി സജി അലക്സിനെ പ്രസിഡന്റാക്കിയത്. പോളച്ചിറയ്ക്ക് മുൻപ് എൻ.എം. രാജുവായിരുന്നു പ്രസിഡന്റ്്. റാന്നി സീറ്റിൽ സ്ഥാനാർഥിയാക്കാത്തതിന്റെ നീരസത്തിലായിരുന്ന രാജുവിനെ മാറ്റി ഒത്തു തീർപ്പ് സ്ഥാനാർഥി എന്ന നിലയിലാണ് ചെറിയാനെ പ്രസിഡന്റാക്കിയത്. എൻ.എം രാജുവിനെ സംസ്ഥാന ട്രഷററുമാക്കി. രാജുവിന്റെ നെടുമ്പറമ്പിൽ ഫിനാൻസ് സാമ്പത്തിക അഴിമതിയിൽപ്പെടുകയും രാജു അറസ്റ്റിലാവുകയും ചെയ്തതോടെ ഈ വിഭാഗം നിശബ്ദമായി. ഇതിനിടെയാണ് ചെറിയാനെ മാറ്റി മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയായ സജി അലക്സിനെ പ്രസിഡന്റാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളാ കോൺഗ്രസ് പിളർന്നപ്പോൾ ഒരു വിഭാഗത്തിലും ഉൾപ്പെടാതെ മാറി നിന്നയാളാണ് സജി അലക്സ്. ഏതു ഭാഗത്തിനാണ് ശക്തി കൂടുതലെന്ന് നോക്കി നിലപാട് സ്വീകരിച്ച സജി ജോസ് കെ. മാണി പക്ഷത്തേക്ക് ചേർന്നു. ഇത്തരമൊരു നിലപാട് സ്വീകരിച്ച സജി ജില്ലാ പ്രസിഡന്റാകുന്നതിനോട് പ്രബലമായ ഒരു വിഭാഗത്തിന് നീരസം ഉണ്ടായിരുന്നു. എന്നാൽ, സജി തൊടുന്നതെല്ലാം തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞയാഴ്ച ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ ആകെ അമ്പതിൽ താഴെ ആൾക്കാർ മാത്രമാണ് പങ്കെടുത്തത്.
നാരങ്ങാനം സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ വിരട്ടി അഞ്ചു സീറ്റ് വാങ്ങാനിറങ്ങിയ സജിക്കും കൂട്ടർക്കും സ്ഥാനാർഥികളെ പിൻവലിച്ച് ഓടേണ്ടി വന്നു. ആറന്മുള നിയോജക മണ്ഡലം എൽഡിഎഫിൽ നിന്ന് പുറത്താകുമെന്ന സിപിഎം ഭീഷണിക്ക് വഴങ്ങിയാണ് ഇവർ നാണംകെട്ട് മടങ്ങിയത്. ഈ സംഭവങ്ങളെല്ലാം മാധ്യമങ്ങളിൽ വാർത്തയായതോടെ സജി പക്ഷത്തിന് ക്ഷീണമായി. ഇതോടെ ചെറിയാൻ പക്ഷത്തുള്ളവരെ ഒതുക്കാനുള്ള നീക്കവും തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവല്ല നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരേ സംഘടിപ്പിച്ച കേരളാ കോൺഗ്രസ് എം സമരം മണ്ഡലം കമ്മറ്റിയുടെ ലേബലിൽ ആയിരുന്നു. നിയോജക മണ്ഡലം കമ്മറ്റിയാണ് ശരിക്കും പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്. സമരത്തിൽ പങ്കെടുത്തവരിൽ തിരുവല്ല മണ്ഡലത്തിൽ നിന്നുള്ള നേതാക്കൾ കുറവായിരുന്നു. അതേ സമയം, നിയോജക മണ്ഡലത്തിന് കീഴിലുള്ള മറ്റ് മണ്ഡലം കമ്മറ്റികളിൽ നിന്നുള്ള നേതാക്കൾ ഏറെപ്പേർ എത്തി.
സമരം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ നഗരസഭാ കവാടത്തിലായിരുന്നു. മണ്ഡലം പ്രസിഡന്റ് പോൾ മാത്യുവാണ് അദ്ധ്യക്ഷത വഹിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റിന് വെറും കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി ചെറിയാൻ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാളാണ്. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ടൗൺ മണ്ഡലം കമ്മറ്റിയുടെ പേരിൽ പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നു.
പാർട്ടിയുടെ ഫണ്ട് പിരിവിന്റെ ചുമതല ജില്ലാ ട്രഷറർ രാജീവ് വഞ്ചിപ്പാലത്തിൽ നിന്നും മാറ്റി ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിലിനാണ് കൊടുത്തിരിക്കുന്നത്. ഇതും വിഭാഗീയതയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. രാജീവ് വഞ്ചിപ്പാലം ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ പക്ഷക്കാരനാണ്. വിഭാഗീയത സംബന്ധിച്ച വാർത്തകൾ പാർട്ടി ലീഡർ ജോസ് കെ. മാണിയുടെ ചെവിയിൽ എത്തിയിട്ടുണ്ടെങ്കിലും ജില്ലയുടെ ചുമതലയുള്ള ജോബ് മൈക്കിൾ ഒരു പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതിനാൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.


