പത്തനംതിട്ട: തിരുവല്ലയിലും പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിലും ഉണ്ടായിരുന്ന നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭൂരിഭാഗം നിക്ഷേപകരും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് പണം നിക്ഷേപിച്ചവരാണ്. നെടുമ്പറമ്പിൽ ധനകാര്യ സ്ഥാപന ഉടമകളായ നെടുമ്പറമ്പിൽ രാജുവും കുടുംബവും കുറച്ചുനാളത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തു വന്നിട്ടുണ്ട്.
രാജുവിനും കുടുംബത്തിനും എതിരെയുള്ള നിയമ നടപടികളിൽ വന്ന പിഴവുകളും പാളിച്ചകളും കാരണമാണ് ഇവർ പുറത്ത് വന്നത് എന്ന് നിക്ഷേപകർ ആരോപിക്കുന്നു. എത്രയും വേഗത്തിൽ വീണ്ടും ഇവരെ ജയിലിൽ അടക്കുവാൻ സർക്കാർ തയാറാകണം. നൂറുകണക്കിന് ആളുകളുടെ സമ്പാദ്യം തട്ടിയെടുത്ത ഈ കുടുംബത്തെ ഭരണകൂടം സംരക്ഷിക്കുകയാണിപ്പോൾ എന്നുവേണം കരുതാൻ. രാഷ്ട്രീയ നേതാവ് കൂടിയായ രാജുവും, കുടുംബവും അടക്കമുള്ള തട്ടിപ്പുകാർ ജയിലിൽ പോയിട്ടും ഇന്നും സ്ഥാപനങ്ങളെല്ലാം വിവിധയിടങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട് . ഇതിന് പോലീസുകാർ എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നു എന്നവർ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ചാണ് ശിക്ഷയിൽ നിന്ന് തട്ടിപ്പുകാർ ഇളവ് നേടിയത്. സംസ്ഥാനത്തെ നിരവധി ബ്രാഞ്ചുകളിലൂടെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്ഥാപനം കോടികളാണ് തട്ടിയെടുത്തത്.
മൂവായിരത്തോളം പേർ ഇപ്പോൾത്തന്നെ പരാതി നൽകിയിട്ടുണ്ട്. ഇനിയും പരാതി നൽകാതെ ഇരിക്കുന്നവരുമുണ്ട്. നിക്ഷേപകരിൽ പലരും ആത്മഹത്യയുടെ വക്കിലാണ്. ചികിത്സയ്ക്കു വേണ്ടിയും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയും പണം ഇല്ലാതെ നിക്ഷേപകർ ദുരിതമനുഭവിക്കുകയാണ്. സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ നിക്ഷേപകരായ ഷാജൻ ജോർജ്, ജോസഫ് കുര്യാക്കോസ്, ജയിംസ് മാത്യു, ശ്രീലത എന്നിവർ പങ്കെടുത്തു.


