കുളനട – വിദ്യാർത്ഥികളുടെ അഭിമാന നിലവാരം ഉറപ്പാക്കാനുള്ള സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കാതെ എഴുത്തുപരീക്ഷയിൽ മാത്രം മിനിമം മാർക്ക് നിബന്ധന ഗുണം ചെയ്യില്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല വിദ്യാഭ്യാസ സെമിനാർ വിലയിരുത്തി. പരീക്ഷ എന്ന അരിപ്പ ഉപയോഗിച്ച് കുട്ടികളെ അരിച്ചു മാറ്റുന്നത് അനീതിയും അപരിഷ്കൃതവും ആണെന്ന് സെമിനാറിൽ വിമർശനമുയർന്നു. സാമ്പത്തിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളിലെ കുട്ടികളെ ആയിരിക്കും ഇത് ഏറെ ബാധിക്കുക എന്ന് മുൻകാല അനുഭവങ്ങളുടേയും ( ചാക്കീരി പാസ് ) കണക്കുകളുടെയും അടിസ്ഥാനത്തിൽ സെമിനാർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രാഥമിക തലം മുതൽ തന്നെ കുട്ടികളെ നിരന്തരം വിലയിരുത്തി അവർക്കു വേണ്ടുന്ന അക്കാദമികവും സാമൂഹികവുമായ പിന്തുണ നൽകി ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി മുന്നോട്ടുപോയാൽ പരീക്ഷ എന്ന അരിപ്പ ഉണ്ടെങ്കിലും അരിപ്പയുടെ മേൽത്തട്ടിൽ കുട്ടികളുടെ എണ്ണം ശൂന്യമായിരിക്കുമെന്നും സെമിനാറിലെ ചർച്ചയിൽ അഭിപ്രായമുയർന്നു.

കേരളത്തിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസും കേന്ദ്ര വിദ്യാഭ്യാസ ഏജൻസികൾ നിശ്ചയിച്ച പ്രവേശന പ്രായം ആറു വയസുമായത് ഉള്ളടക്കത്തിലും പ്രതിഫലിക്കുന്നു. ഒരു ക്ലാസിൽ NCERT സിലബസ് പ്രകാരം നിശ്ചയിച്ച പല ഉള്ളടക്കവും അതേ ക്ലാസിൽ കേരള സിലബസിൽ ഇല്ല. ഈ അന്തരം പരിഹരിക്കാൻ കേരളത്തിലെ പ്രവേശന പ്രായം 6 വയസ്സാക്കി ഉയർത്തണമെന്ന് സെമിനാർ. കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം ആറു വയസ്സ് ആക്കിയാൽ ഉണ്ടാകുന്ന ഒരു വർഷത്തെ പ്രശ്നം സർക്കാർ പഠനവിധേയമാക്കണം എന്നും സെമിനാർ ചൂണ്ടിക്കാട്ടി.
ചർച്ചയിൽ പങ്കെടുത്ത അധ്യാപക വിദ്യാർത്ഥികൾ ഉൾപ്പെടെ പരിഷത്ത് മുന്നോട്ടുവെച്ച തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന ചോദ്യത്തോട് തോൽപ്പിക്കുകയല്ല വേണ്ടത് എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകണമെന്ന് ചൂണ്ടിക്കാട്ടി .
മെഴുവേലി പത്മനാഭയം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സെമിനാർപരിഷത്ത് ജില്ലാ കമ്മിറ്റി അംഗവും ഗവ. കോളേജ് കോട്ടയം റിട്ട. അസോസിയേറ്റ് പ്രൊഫസർ കെ എസ് ശ്രീകല ഉദ്ഘാടനം ചെയ്തു.

‘ വിദ്യാഭ്യാസ ഗുണതയും പരീക്ഷ പരിഷ്കരണവും ‘ എന്ന വിഷയം വിദ്യാഭ്യാസ പ്രവർത്തകനും പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗവുമായ ഡോ. ടി പി കലാധരൻ അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ ജോയിൻ സെക്രട്ടറി പി എസ് ജീമോൻ മോഡറേറ്ററായ സെമിനാറിൽ മേഖല വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ എ ആർ സുജ സ്വാഗതവും മേഖലസെക്രട്ടറി വി എസ് ബിന്ദുകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. മെഴുവേലി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ പി ടി എ പ്രതിനിധികൾ അധ്യാപക വിദ്യാർത്ഥികൾ പരിഷത്ത് മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങി 65 പേർ സെമിനാറിൽ പങ്കെടുത്തു.


