അടൂർ: എം.ഡി.എം.എയുമായി യുവാവിനെ ഡാൻസാഫ് സംഘവും പോലീസും ചേർന്ന് പിടികൂടി. പെരിങ്ങനാട് മേലൂട് പത്താം മൈൽ കരിംകുറ്റിക്കൽ സ്വരലയയിൽ പ്രസന്നകുമാറിന്റെ മകൻ ഷൈൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും അര ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പിടിയിലായതെന്ന്് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. എസ്.ഐ. മനീഷ്, എസ്.സി.പി.ഓ അനീഷ്, സി.പി.ഓ സൂരജ് എന്നിവരുടെ സംഘത്തോടൊപ്പം, ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരും ചേർന്നാണ് പ്രതിയെ കുടുക്കിയത്.
കഴിഞ്ഞ വർഷം ജൂലൈയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്ളാറ്റിൽ നിന്ന് കഞ്ചാവുമായി ഷൈൻ അടക്കം നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
എംഡിഎംഎ പിടികൂടിയ കേസൊതുക്കാൻ ഇടതുമുന്നണിയിലെ ജില്ലാ നേതാക്കൾ അടക്കം ഇടപെട്ടുവെന്നാണ് ആരോപണം. മയക്കുമരുന്നിന്റെ അളവ് കുറച്ചു കാണിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ, അന്വേഷണ സംഘം ഇത് നിഷേധിച്ചു. പ്രതിക്ക് വേണ്ടി നേതാക്കളിൽ ചിലർ നേരിട്ടെത്തിയെന്ന ആക്ഷേപവും ശക്തമാണ്. പുതുതായി തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലാണ് ഷൈൻ ലഹരി മരുന്ന് കച്ചവടം നടത്തുന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.


