ആശാ പ്രവർത്തകരെ കീടങ്ങളായി കാണുന്നത് പാർട്ടി സമ്പന്നൻമാർക്കൊപ്പം നീങ്ങിയതിന്റെ ഫലം ; സിപിഎമ്മിനും സർക്കാരിനുമെതിരേ ആഞ്ഞടിച്ച് ഗീർവഗീസ് മാർ കൂറിലോസ് .

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – ആശാ പ്രവർത്തകരുടെ സമരത്തിൽ സർക്കാരും സിപിഎമ്മും സ്വീകരിക്കുന്ന നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി ഇടതു സഹയാത്രികനും യാക്കോബായ സഭ നിരണം ഭദ്രാസന മുൻ അധിപനുമായ ഡോ. ഗീവറുഗീസ് മാർ കൂറിലോസ് രംഗത്ത്.

തൊഴിലാളി വർഗ പാർട്ടിയായ സിപിഎം മുതലാളിത്ത പാർട്ടി ആയോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യായമായ ആവശ്യത്തിനായി സമരം നടത്തുന്ന ആശാ പ്രവർത്തകരോട് ദുരഭിമാനം വെടിഞ്ഞ് ചർച്ച നടത്താൻ സർക്കാർ തയാറാകണം. ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മറ്റി നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വർഗ പാർട്ടിയെന്ന് ഊറ്റം കൊളളുന്ന സി.പി.എമ്മും ഭരണ നേതൃത്വവും ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന ആശാ പ്രവർത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. സമരം ചെയ്യുന്നവരെ കീടങ്ങളായി കാണുന്നത് സമ്പന്നൻമാർക്കൊപ്പം നീങ്ങിയതിന്റെ ഫലമാണ്. കോവിഡ് കാലത്ത് സൈന്യത്തെ പോലെ ജോലി ചെയ്ത ആശാപ്രവർത്തകർക്ക് ന്യായമായ ആനുകൂല്യം സർക്കാർ നൽകിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുന്ന ആശാവർക്കർമാരെ കൃമി കീടങ്ങൾ എന്ന് അധിക്ഷേപിച്ച ട്രേഡ് യൂണിയൻ നേതാക്കൾ എന്ത് തൊഴിലാളി സംസ്‌കാരമാണ് ഉയർത്തിപ്പിടിക്കുന്നത് ? അധികാരികൾ എത്ര അധിക്ഷേപ വാക്കുകൾ പുലമ്പിയാലും ആശാ പ്രവർത്തകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് പക്ഷം ഇപ്പോൾ മുതലാളി വർഗ്ഗത്തിന്റെ താത്പ്പര്യങ്ങൾക്ക് മാത്രമാണ് നിലകൊള്ളുന്നത് എന്ന് സർക്കാരിന്റെ വികസന നയം കാണുമ്പോൾ തോന്നിപ്പോയാൽ കുറ്റം പറയാൻ കഴിയില്ല. ആശാവർക്കർമാർ നടത്തുന്ന സമരം ന്യായമായതുകൊണ്ടാണ് എതിർക്കുന്നവരും ഇതേ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്നത്. മൂന്ന് മാസത്തെ കുടിശിക തീർത്തതും നിബന്ധനകൾ ഒഴിവാക്കിയതുമായ തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ ആവശ്യങ്ങൾ ന്യായമായതുകൊണ്ട്തന്നെയാണ് സർക്കാർ അവ അംഗീകരിച്ചത്. ബാക്കിയുള്ള ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ സമരം തീരും. തൊഴിലാളികൾക്ക് ഇവിടെ നിന്ന് ലഭിക്കാനുള്ളത് ഇവിടെ നിന്നും ഡൽഹിയിൽ നിന്ന് ലഭിക്കാനുള്ളത് ഡൽഹിയിൽ നിന്നും ലഭിക്കണം. ആരെയും ശത്രുപക്ഷത്ത് നിർത്താനല്ല ആശമാരുടെ സമരം. സർക്കാരിന് എന്തിനാണീ ദുരഭിമാനം ?

പ്രളയകാലത്ത് കേരളത്തിന്റെ രക്ഷാസൈനികരെന്ന് സർക്കാർ വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ വിഴിഞ്ഞം പദ്ധതി വന്നപ്പോൾ വേണ്ടെന്നായി. ഏറ്റവും അവസാനത്തെ പരിഗണനയാണ് അവർക്ക് ലഭിച്ചത്. അതുപോലെ കോ വിഡ് കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആശമാരെ ആരോഗ്യ രംഗത്തെത്ത കാലാൾപ്പട എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ ആ കാലാൾപ്പടയെ നിന്ദിക്കുകയും അവരുടെ ന്യായമായ ആവശ്യങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നത് എങ്ങനെയാണ് ഒരു ഇടത് പക്ഷ പ്രസ്ഥാനത്തിനും ആ പ്രസ്ഥാനം നയിക്കുന്ന സർക്കാരിനും ഭൂഷണമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം ,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിലിഫ് അഞ്ചാനി, സെക്രട്ടറിമാരായ അനീഷ് ചക്കുങ്കൽ, കൃഷ്ണദാസ്, കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജി, നാരങ്ങാനം മണ്ഡലം പ്രസിഡന്റ് ആർ. രമേശ്, ഇലന്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി മുകുന്ദൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, സി. വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ഹരീന്ദ്രനാഥൻ നായർ, ലത ചെറിയാൻ, ആനി ജോസഫ്,ബാബു വടക്കേൽ,ജോൺ ഫിലിപ്പോസ്, സത്യൻ നായർ, ഫിലിഫ് വഞ്ചിത്ര, മോനിച്ചൻ കുപ്പയ്ക്കൽ, സണ്ണി തൈക്കൂട്ടത്തിൽ, സുബിൻ നീറുംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *