അടൂർ – പള്ളിക്കൽ വില്ലേജിലെ പാറക്കൂട്ടം പ്രദേശത്തെ 17 കുടുംബങ്ങൾക്ക് ഉടൻ പട്ടയം അനുവദിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിലെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യൂ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ചിരുന്നു. പള്ളിക്കൽ വില്ലേജിൽ പാറക്കൂട്ടം പ്രദേശത്ത് താമസിക്കുന്ന 17 കുടുംബങ്ങൾക്ക് കൈവശരേഖ ഉണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം വിതരണം ചെയ്യണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടതനുസരിച്ച് പട്ടയ വിതരണനടപടികൾ വേഗത്തിൽ ആക്കുവാൻ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. അതോടൊപ്പം തന്നെ പന്തളം ബൈപ്പാസ്, അടൂർ- തുമ്പമൺ -കോഴഞ്ചേരി റോഡ് എന്നിവയുടെ സ്ഥലം ഏറ്റെടുപ്പ് അടിയന്തരമായി പൂർത്തിയാക്കുവാൻ പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പന്തളം റവന്യൂ ടവറിന് സ്ഥലം ഏറ്റെടുക്കുന്ന വിഷയവും, ഭരണാനുമതി ലഭിച്ച അടൂർ റവന്യൂ കോംപ്ലക്‌സിന്റെ സാങ്കേതിക തടസ്സം പരിഹരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. അടൂർ മണ്ഡലത്തിലെ റവന്യൂ സംബന്ധമായ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പു നൽകിയതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.


