റാന്നി – വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി വേണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ 2022 -23 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 24.88 ലക്ഷം രൂപ ചെലവഴിച്ച് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്നും റാന്നി എസ് സി സ്‌കൂളിലേക്ക് നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്‌കൂളിലേക്കുള്ള റോഡും പ്രവേശന കവാടവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിച്ചത്. സ്‌കൂളിൽ നിന്നും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിർമ്മിച്ചത്. തകർന്ന് വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പാലത്തിന്റെ അവസ്ഥ സ്‌കൂൾ അധികൃതർ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് എംഎൽഎയുടെ അഭ്യർഥനപ്രകാരമാണ് പുതിയ പാലം നിർമാണത്തിന് തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ പ്രസിഡന്റ് ജോൺ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ തോമസ്, ഗ്രാമപഞ്ചായത്തംഗം റൂബി കോശി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അനിത അനിൽകുമാർ, മൈനർ ഇറിഗേഷൻ എക്‌സി. എൻജിനീയർ ഡോ. പി. എസ്. കോശി, സ്‌കൂൾ മാനേജർ റെവ. ജോൺസൺ വർഗീസ്, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


