അടൂർ – തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ഭാര്യാ മാതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മന്ത്രിയുടെ ഡ്രൈവർക്ക് നാവിൽ കടിയേറ്റും. കൃഷിമന്ത്രി പി. പ്രസാദിന്റെ ഡ്രൈവർ അടൂർ മേലൂട് സ്വദേശി ശശി(54), ഭാര്യാ മാതാവ് ഭാരതി(64) എന്നിവരെയാണ് നായ കടിച്ചത്. ഇവരെ കൂടാതെ അഞ്ചു പേർക്ക് കൂടി നായയുടെ കടിയേറ്റു.
പന്നിവിഴ സ്വദേശിനി അനുജ(43), കോട്ടപ്പുറം സ്വദേശി ശ്യാം(36), വിദ്യാർഥിയും ചായലോട് സ്വദേശിയുമായ ആൽവിൻ(11), ആനന്ദപ്പള്ളി സ്വദേശി ഗോപാലൻ(75), അടൂർ സ്വദേശി ജോർജ്കുട്ടി(70) എന്നിവരെയും തെരുവുനായ ആക്രമണിച്ചു. ക്ലാസ് കഴിഞ്ഞ് വരും വഴി കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയായ ആൽവിനെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് സ്റ്റാൻഡിന് സമീപം വ്യാപാരം നടത്തുന്ന അനുജയെ കടിച്ചു. തുടർന്ന് കടയിൽ നിന്ന അമ്മയേയും മകളേയും നായ കടിക്കാൻ ശ്രമിച്ചു. ഇവർ ബഹളം വച്ചതോടെ നായ ഓടി രക്ഷപ്പെട്ടു.
തുടർന്ന് ജനറൽ ആശുപത്രിയ്ക്കു സമീപം വച്ച് ഭാരതിയെ നായ കടിച്ചു. ഇവരുടെ മൂക്കിനാണ് കടിയേറ്റത്. ഭാരതിയെ കടിക്കുന്നതു കണ്ട കൃഷിമന്ത്രിയുടെ ഡ്രൈവർ ശശി ബാഗു വച്ച് നേരിടുന്ന സമയത്താണ് നായ കുതിച്ചു ചാടി നാക്കിൽ കടിച്ചത്. നായ പിന്നീട് ഓടിപ്പോയി. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ് നൽകി.


