പത്തനംതിട്ട – റോഡ് സുരക്ഷ, കുട്ടികളുമായി ഇടപഴകുന്ന രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ, വ്യക്തിത്വ വികസനം, പൊതുവായി പാലിക്കേണ്ട മാനദണ്ഡങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അവബോധം നൽകുന്നതിനായി ജില്ലയിലെ സ്വകാര്യബസ് ജീവനക്കാർക്ക് നാലു ഘട്ടമായി പരിശീലന പരിപാടി സംഘടിപ്പിക്കും. ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡും നൽകും. ജില്ലയിലെ വിദ്യാർഥികളുടെ ബസ് കൺസഷൻ, യാത്രാ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് പത്തനംതിട്ട കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ തിരുവല്ല സബ് കളക്ടർ സഫ്‌ന നസറുദീന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയിലാണ് തീരുമാനം.
പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോമിന്റേയോ, തിരിച്ചറിയൽ കാർഡിന്റെയോ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകളിൽ കൺസഷൻ അനുവദിക്കും. സർവകലാശാലകളുടെ കീഴിലുള്ള കോളജുകൾ, പോളിടെക്‌നിക്കുകൾ, ഐടിഎകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപന മേധാവി നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ കൺസഷൻ അനുവദിക്കും. ഇവയിലൊന്നും ഉൾപ്പെടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആർടിഒ നൽകുന്ന തിരിച്ചറിയൽ കാർഡ് മുഖേന കൺസഷൻ നൽകും.
രാവിലെ ആറു മുതൽ വൈകുന്നേരം ഏഴു വരെ സൗജന്യ യാത്ര അനുവദിക്കും. കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്ന കാര്യം അതത് ഡിടിഒമാർ ഉറപ്പു വരുത്തണം. എല്ലാ സ്വകാര്യ ബസുകളിലും ജോയിന്റ് ആർടിഒമാരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കും. സ്റ്റുഡന്റ്സ് കൺസഷൻ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന്് എല്ലാ ബസിലും എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ മൊബൈൽ നമ്പർ പ്രദർശിപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.
വിദ്യാർഥികളോട് മോശമായി പെരുമാറുക, സീറ്റ് നിഷേധിക്കുക, അമിത ചാർജ് ഈടാക്കുക തുടങ്ങിയ പരാതികൾ ഉണ്ടാകരുതെന്നും അങ്ങനെയുള്ള പരാതികൾ ശ്രദ്ധയിപെട്ടാൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും, പെൺകുട്ടികളുടെ യാത്രാ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച ഉണ്ടാകരുതെന്നും സബ് കളക്ടർ സഫ്‌ന നസറുദീൻ പറഞ്ഞു.
തിങ്കൾ മുതൽ ശനി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും യാത്രാനുമതി നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും കൂടാതെ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ വിദ്യാർഥികളെ സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നും ആർടിഒ എ.കെ. ദിലു പറഞ്ഞു. യോഗത്തിൽ അടൂർ ജോയിന്റ് ആർടിഒ ഗീതാകുമാരി, മല്ലപ്പള്ളി ജോയിന്റ് ആർടിഒ റ്റി.പി. പ്രദീപ് കുമാർ, റാന്നി ജോയിന്റ് ആർടിഒ മുരളിധരൻ ഇളയത്, കോന്നി ജോയിന്റ് ആർടിഒ സി. ശ്യാം, തിരുവല്ല ജോയിന്റ് ആർടിഒ ഇ.സി. പ്രദീപ്, പാരലൽ കോളജ് പ്രതിനിധി, പ്രൈവറ്റ് ബസ് ഉടമകളുടെ പ്രതിനിധികൾ, ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


