മാരാമൺ കൺവൻഷൻ പന്തലിൽ ഇന്ന് ; വിടുതി നൽകുന്ന സ്പർശനങ്ങൾ ; പ്രൊഫ. ഡോ. മ്യൂസ് മേരി ജോർജ്ജ്

Kerala Pathanamthitta

മാരാമൺ – മനുഷ്യമനസ്സുകൾ ഏറെ സങ്കീർണ്ണതയുടെ അവസ്ഥകളിലൂടെ കടന്നുപോകുന്നതും അതേസമയം നുറുങ്ങിയതും തകർന്നുതമായ വേദനകളിലൂടെ സഞ്ചരിക്കുന്നതുമാണ്. ചില ബന്ധനങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതുവാതായനങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് ഈ വേദഭാഗത്തിന്റെ മൂന്ന് പ്രധാനഘടകങ്ങൾ. തൊടുന്നു, നിവർത്തുന്നു, വിടുതി, സ്പർശനങ്ങൾ ചുരുങ്ങുന്ന കാലത്ത് ചേർത്തുവെയ്ക്കലുകൾ വെർച്വൽ ലോകത്തേക്ക് മാത്രം പരിമിതപ്പെടുമ്പോൾ അനാഥത്വം അന്യമാക്കുന്ന, നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സ്പർശനം ഇന്നത്തെ നമ്മുടെ കടമയാണ്.

കാഴ്ചകളെ പരിമിതപ്പെടുത്തുന്ന കൂന് എന്ന അവസ്ഥയെ വിശ്വാസത്തിന്റെ ഇടപെടലുകളിലൂടെ സൗഖ്യമാക്കുന്നുണ്ട് യേശു. സ്പർശനങ്ങൾകൊണ്ട് സ്‌നേഹത്തിന്റെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുവാൻ നമുക്ക് സാധിക്കണം. മനുഷ്യ അന്തസ്സുകൾക്ക് ഭംഗം വരുമ്പോഴും അന്യമായ് പോകുന്ന അനുഭവങ്ങൾ. ദൂരം കൂടുമ്പോൾ അവയെ കുറയ്ക്കുന്നതാകണം സ്പർശനം. സാമൂഹിക ഇടങ്ങളിലും പരിസരങ്ങളിലും അരികുവൽക്കരണവും ജാതിയും മതവും സാമ്പത്തികവുമൊക്കെ അളവുകോലായി മാറുമ്പോൾ അത്തരത്തിലുള്ള ഉച്ചനീചത്വങ്ങളെ തുടച്ചുമാറ്റുന്ന സാമൂഹിക വിപ്ലവമാണ് സ്പർശനം.

അസാധ്യതകളുടെ ലോകത്ത് സാധ്യതകളുടെ പുതുചരിതം ചില ചേർത്തുനിർത്തലുകളിലൂടെ നമുക്ക് സാധ്യമാകണം. അതിലൂടെയാണ് യഥാർത്ഥമായ നിവർന്ന് നിൽക്കലുകൾ സാധ്യമാകുന്നത്. സേച്ഛാധിപത്യം നിറഞ്ഞ ഭരണപരിസരത്തെയും പ്രകൃതിയെയും ഭൂമിയെയും നിവർന്ന് നിൽക്കുവാൻ പ്രേരിപ്പിക്കുന്ന ശബ്ദമായി നമുക്ക് മാറുവാൻ സാധിക്കണം. ജീവിതത്തിന്റെ പതിവുകൾ വികലമാകുമ്പോൾ നിവർന്നുള്ള, നിവരുകയും ചെയ്യുന്ന ഇടപെടലുകൾ നമ്മുടെ പതിവുകളായി മാറണം. സ്ത്രീകൾ യഥാർത്ഥമായ മാറ്റത്തിന്റെ ചാലകശക്തികളാണ്, നമ്മുടെ അറിവും ജ്ഞാനവും സംസാരങ്ങളിലേക്ക് സഞ്ചരിക്കണം, അതിലൂടെ കേൾവികളിലേക്കും വളഞ്ഞുപോയ ജീവിതങ്ങളെ താങ്ങിനിർത്തുന്ന പുതിയ വഴികളെ തുറക്കുന്ന പ്രവൃത്തികളുമായി മാറണം.

കേൾക്കുവാൻ സാധിക്കാതെ പോകുന്ന വല്ലാത്ത കാലത്ത് കേൾക്കുവാനും പരിമിതമായതോ ആവശ്യമായതോ എന്ന നിലയിൽ നിന്ന് അധികമായത് എന്ന് യേശു കാണിച്ച മാതൃകകളിലൂടെ സഞ്ചരിക്കുവാൻ നമുക്ക് കഴിയണം. പ്രതികൂല ശക്തികളെ മറികടന്ന് ക്രൂശിനെ നോക്കി സഞ്ചരിക്കുവാനും ബന്ധനവിടുതലിന് അത് കാരണമാകുകയും വേണം. ജീവിതത്തിന് പ്രോത്സാഹനം നൽകിയവൻ, വിശ്വസിച്ചവൻ, കുരിശിൽ ജീവനെ അർപ്പിക്കുമ്പോൾ, റോമൻ ഭരണകൂടത്തിന്റെയും പൗരോഹിത്യത്തിന്റെയും പ്രതിലോമ ശക്തികളെ വകവെയ്ക്കാതെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ബന്ധനവിടുതിയുടെയും തലം തിരിച്ചറിഞ്ഞ് കുരിശിലേക്ക് തലയുയർത്തി നിൽക്കുന്ന മറിയമാർ, എല്ലാക്കാലവും ഇടം അടയാളപ്പെടുത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നവരാണ്.

വിടുതിയുടെ അനുഭവത്തിലേക്ക് നമുക്ക് സഞ്ചരിക്കാം. അത് ഒരു സംയോജനമാണ്, ചേർത്ത് വെയ്ക്കലും സ്പർശനങ്ങളും നിവർത്തുകളും യോജിക്കുന്ന അവസ്ഥ. ഇടങ്ങൾ രൂപപ്പെടണം, ആ ഇടങ്ങളിൽ വിശ്വാസത്തിന്റെ ആഴത്തിലുള്ള വിടുതികൾ സാധ്യമാകണം. കൂനിയ ജീവിതങ്ങൾക്ക് അപ്പോൾ പുതിയ കാഴ്ചകൾ സാധ്യമാകും. കരച്ചിൽ രാപാർക്കുന്ന സന്ധ്യകളും ഒരിക്കൽപ്പോലും ആനന്ദനദികളിൽ മുങ്ങിനിവരാൻ കഴിയാതെപ്പോകുന്ന പകലിന്റെ എരിയുന്ന നട്ടുച്ചയുടെ നിലവിളികൾ ഉണ്ടാകാറുണ്ട്. ദൂരത്തുള്ള വിളികളുണ്ട്, നല്ല നീരുറവുള്ള വെള്ളം പിടിച്ചു നിർത്തുന്ന ഫലപുഷ്ടിയുള്ള മണ്ണായി നമുക്ക് മാറാം ജീവിതം ഒരു ആനന്ദ നദിയായി തീരട്ടെ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *