നാട്ടുകാരുടെ ഉപരോധ സമരത്തിന് പിന്നാലെ കുമ്പനാട് കടപ്രയിലെ ബിറ്റുമിൻ പ്ലാന്റ് പ്രവർത്തനം നിർത്തിവച്ചു :

Kerala Health Pathanamthitta
Print Friendly, PDF & Email

കുമ്പനാട്: കടപ്ര തട്ടക്കാട് പ്രവർത്തിച്ചു വരുന്ന ബിറ്റുമിൻ ടാർ മിക്‌സിങ് പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമരസമിതി പ്ലാന്റ് ഉപരോധിച്ചു. പിന്നാലെ പ്ലാന്റ് പ്രവർത്തനം നിർത്തി വച്ചു. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്ന് 25ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് നൽകിയ അനുമതി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ പ്ലാന്റ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ സംഘടിക്കുകയും വഴി ഉപരോധിക്കുകയും ചെയ്തു. പ്ലാന്റിനുള്ളിലേക്ക് ലോഡ് കയറ്റാനെത്തിയ വാഹനം തടഞ്ഞ ആളുകൾ വഴിക്ക് നടുവിൽ അടുപ്പുകൂട്ടി സമര കഞ്ഞി വയ്ക്കാനും ആരംഭിച്ചു. തുടർന്ന് പത്താം വാർഡ് മെമ്പർ മുകേഷ് മുരളി നേരിട്ട് പഞ്ചായത്തിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് വാങ്ങി സമര സമിതിക്കും കോയിപ്രം പോലീസിനും നൽകി.

പ്ലാന്റിന് നൽകിയ അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ എട്ടു മണി മുതൽ ആരംഭിച്ച ഉപരോധ സമരം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിപ്പിച്ച് ജനങ്ങൾ പിരിഞ്ഞു പോയി. ഉപരോധത്തിന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, കെ.എം.തോമസ്, ജെസി സജൻ, ശ്രീകല ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ര്ടീയ പാർട്ടി നേതാക്കളായ അനീഷ് കുന്നപ്പുഴ, എ.കെ. സന്തോഷ് കുമാർ, ദീപ ജി. നായർ, രഘുവരൻ കോയിപ്രം, ബിനു ബേബി, ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *