ജനകീയാരോഗ്യകേന്ദ്രങ്ങള്‍ സുപ്രധാനമായ ചുവടുവയ്പ്പ്: മന്ത്രി വീണാ ജോര്‍ജ്

Pathanamthitta

പത്തനംതിട്ട – പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന നിലവാരത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ജനകീയാരോഗ്യ മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പായി മാറുകയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളെന്ന് ആരോഗ്യ, വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചിറ്റാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റാര്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സജ്ജീകരണങ്ങളോടെ, ആഴ്ചയില്‍ ആറ് ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ സബ്‌സെന്ററുകള്‍ മാറിയിരിക്കുകയാണ്. 2021-22 വാര്‍ഷിക പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രൈബല്‍ ഏരിയായിലുള്ള ആരോഗ്യവകുപ്പ് സ്ഥാപനത്തിന്റെ അടിസ്ഥാന വികസനത്തിനായി വകയിരുത്തിയിട്ടുള്ള രണ്ടു കോടി രൂപയാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ചിറ്റാര്‍ സാമൂഹിക കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു പുറമേ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു ഡോക്ടറെ കൂടി നിയമിച്ചാല്‍ വൈകിട്ട് ആറു വരെ ഒപി നടത്തുന്നതിനും കുടുംബാരോഗ്യകേന്ദ്രത്തില്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ‘കുടുംബ ഡോക്ടര്‍’ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്നതിനായി ‘ആര്‍ദ്രം’ മിഷനിലൂടെയാണ് സംസ്ഥാനത്ത് ബ്ലോക്ക് തലത്തില്‍ 72 ആരോഗ്യകേന്ദ്രങ്ങള്‍ ‘കുടുംബാരോഗ്യ കേന്ദ്ര’ങ്ങളായി നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ബ്ലോക്കിന് കീഴിലുള്ള ഓരോ കുടുംബത്തിന്റെയും ആരോഗ്യപരിപാലനമാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചിറ്റാറിലെ ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് പുതിയ കെട്ടിടം നിര്‍മിക്കപെടുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ആറ് ഒ പി മുറികള്‍, വെയിറ്റിംഗ് ഏരിയ, ലാബ്, പ്രീ ചെക്ക് റൂം, ലിഫ്റ്റ് റൂം, ശുചിമുറികള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.

ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സുജ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജേക്കബ് സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നബീസത്ത് ബീവി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി കണ്ടത്തില്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയശ്രീ പ്രസന്നന്‍, നിശ അഭിലാഷ്, എ. ബഷീര്‍, അമ്പിളി ഷാജി, ജിതേഷ് ഗോപാലകൃഷ്ണന്‍, ആദര്‍ശ വര്‍മ്മ, റീന ബിനു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം പത്തനംതിട്ട ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ജാസ്മിന്‍, ചിറ്റാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇന്‍ ചാര്‍ജ് ജോസ്മിന യോഹന്നാന്‍ തോമസ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *