മല്ലപ്പള്ളിയിലെ പോക്‌സോ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും 3 ലക്ഷം പിഴയും

Crime Pathanamthitta
Print Friendly, PDF & Email

മല്ലപ്പള്ളി – ഏഴുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യൽ കോടതി. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (40) ആണ് ശിക്ഷിക്കപ്പെട്ടത്. സ്‌പെഷ്യൽ ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കഠിനതടവ് കൂടി അനുഭവിക്കണം.പോക്‌സോ നിയമത്തിലെ 6,5( എം ) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കീഴ്‌വായ്പ്പൂർ സ്‌റ്റേഷനിൽ 2015 ൽ അന്നത്തെ എസ് ഐ ജി സന്തോഷ് കുമാർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി വിധിപറഞ്ഞത്. പിഴത്തുക കുട്ടിയുടെ അമ്മയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2015 ഏപ്രിൽ 15 ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം.റോഡരികിൽ നിർത്തിയിട്ട ഇയാളുടെ കാറിൽ വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് എസ് ഐ ആയിരുന്ന ടി ജി പുരുഷോത്തമൻ നായർ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്‌സൺ മാത്യൂസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *