ആരോഗ്യമന്ത്രിയുടെ ജില്ലയിൽ പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ അയൽജില്ലകളിലേക്ക് ഓടണം :

Health Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ജില്ലയിലെ സർക്കാർ ആശുപത്രികൾ സംബന്ധിച്ച് പരാതി പ്രളയം. ഉടമസ്ഥാവകാശം സംബന്ധിച്ച് നഗരസഭയുമായി തർക്കമുണ്ടായ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ചികിൽസാ വീഴ്ചയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിട്ട് എൽ.ഡി.എഫിലെ ഘടക കക്ഷി നേതാവ്. കോന്നി മെഡിക്കൽ കോളജിനെ കുറിച്ച് കൊട്ടിഘോഷം ഏറെ നടക്കുന്നുണ്ടെങ്കിലും അതിന്റെ വളപ്പിൽ ആർക്കെങ്കിലും അപകടം നേരിട്ടാൽ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടു പോകണം എന്നതാണ് അവസ്ഥ.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലയിൽ പോലീസ് സർജൻ ഇല്ലതായിട്ട് ദിവസങ്ങളേറെയായി. അപകടത്തിലും ദുരൂഹ സാഹചര്യങ്ങളിലും മരിക്കുന്നവരുമായി ബന്ധുക്കൾ സർക്കാർ ആശുപ്രതികൾ കയറിയറങ്ങുകയാണ്.

ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് മൃതദേഹവുമായി എത്തിയവർ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്തതും, മെഴുവേലിയിൽ നിന്നുള്ള മൃതദേഹവുമായി മന്ത്രിമാരുടെ വരെ ശുപാർശയുമായി വന്നവർക്കും കോട്ടയത്തേക്ക് പോകേണ്ടി വന്നതുമായ രണ്ടു സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. സീതത്തോട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡ്രൈവർ അനിതയെ ചിറ്റാറിലെ രണ്ട് ആശുപത്രികളിൽ കാണിച്ച ശേഷം സ്ഥിതി ഗുരുതരമെന്ന് കണ്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെയെത്തിയപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ പോലീസ് സർജൻ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. അനിതയുടെ ബന്ധുക്കൾ അടൂർ, കോഴഞ്ചേരി, തിരുവല്ല ആശുപത്രികളിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെയും പോലീസ് സർജൻ ഇല്ല. പത്തനംതിട്ടയിലെ പോലീസ് സർജനാണ് ഇവിടങ്ങളിലും എത്തി പോസ്റ്റുമോർട്ടം ചെയ്യേണ്ടിയിരുന്നത്. ഒടുവിൽ, ബന്ധുക്കൾ ചെങ്ങന്നൂരിലെ ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. ഓട്ടോറിക്ഷ ഓടിച്ച് അന്നന്നത്തേക്കുളള വരുമാനം കണ്ടെത്തുന്ന അനിതയുടെ കുടുംബത്തിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാമ്പത്തിക ശേഷിയില്ല.

നേരത്തെ നിലയ്ക്കൽ മഞ്ഞത്തോട് ആദിവാസി കോളനിയിൽ കാട്ടാന അടിച്ചുകൊന്നെന്നു സംശയിച്ച ആളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ബന്ധുക്കൾ അലഞ്ഞു നടന്നു. ജില്ലയിലെ ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ പോലീസ് സർജൻ ഇല്ലെന്ന മറുപടി ലഭിച്ചു. ഒടുവിൽ, ചെങ്ങന്നൂർ ഗവ. ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. മൃതദേഹം മറവുചെയ്തപ്പോഴാണ് മരിച്ചെന്നു കരുതിയ രാമൻ ബാബുവിനെ കൊക്കാത്തോട് ആദിവാസി കോളനിയിൽ കണ്ടെത്തിയത്. ഇതോടെ മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും ചെങ്ങന്നൂരിലെ മോർച്ചറിയിലെത്തിച്ചു. ജില്ലയിൽ ഒരു പോലീസ് സർജനാണുള്ളത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്ന അദ്ദേഹം ഏറെ നാളായി അവധിയിലാണ്. പോസ്റ്റുമോർട്ടം സൗകര്യമുള്ള പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റുമോർട്ടം നടത്തേണ്ടത് പത്തനംതിട്ടയിലെ ഒരേയൊരു ഡോക്ടറാണ്.

പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റുമോർട്ടം ചെയ്യാൻ സൗകര്യമുണ്ട്. കോന്നി മെഡിക്കൽ കോളേജ്, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ സൗകര്യമില്ല.

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പരാധീനതകൾ ചൂണ്ടിക്കാട്ടി ഐ.എൻ.എൽ നേതാവ് എ.എസ്.എം ഹനീഫ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ഇന്നാട്ടുകാരിയായ ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. എല്ലാ സൗകര്യവുമുണ്ടെന്ന് പറയുന്ന ജനറൽ ആശുപത്രിയിലേക്ക് നടന്നു പോയ ആൾ ഇന്ന് പള്ളിക്കാട്ടിൽ ഉറങ്ങുകയാണെന്നും സ്വന്തം വീട് നന്നാക്കിയിട്ട് നാടു നന്നാക്കിയാൽ മതിയെന്നുമുള്ള തരത്തിലാണ് ഹനീഫ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *