*കായികപ്രവർത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക ലക്ഷ്യം: ജില്ലാ കളക്ടർ
കായികപ്രവർത്തനങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. കായികരംഗത്തിന് കൂടുതൽ പ്രാധാന്യം നൽകി ഊർജ്വസ്വലതയോടെ പ്രവർത്തിക്കണമെന്നും പുതിയ ഇനങ്ങളുമായി കൂടുതൽ ആളുകൾ കായികമേഖലയിലേക്ക് എത്തിച്ചേരണമെന്നും കളക്ടർ പറഞ്ഞു.
ഇന്റർ നാഷണൽ സ്പോർട്സ് സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരളം നടക്കുന്നു പരിപാടിയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റിൽ നിന്നു ജില്ലാ സ്റ്റേഡിയം വരെയാണ് നടത്തം സംഘടിപ്പിച്ചത്. ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് നടക്കുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെജിനോൾഡ് വർഗീസ്, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പ്രസന്നകുമാർ, മുൻ ഫുട്ബോൾ താരം കെ ടി ചാക്കോ, ഫുട്ബോൾ കോച്ച് തങ്കച്ചൻ, പിടിഎ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, പൊതുജനങ്ങൾ, എസ്പിസി, കോളജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.


